
തുറവൂർ: അതിവേഗം നിർമ്മാണം പുരോഗമിക്കുന്ന തുറവൂർ- അരൂർ എലിവേറ്റഡ് ഹൈവേയുടെ ഒറ്റത്തൂണുകളിൽ ഗർഡർ സ്ഥാപിച്ചു തുടങ്ങി. എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണം ആദ്യം ആരംഭിച്ച തുറവൂർ ജംഗ്ഷനിൽ പ്രത്യേക പൂജയ്ക്ക് ശേഷം, ദേശീയ പാതയ്ക്ക് ഇരുവശവും പ്രത്യേക പാളത്തിൽ സ്ഥാപിച്ച 50 ടൺ ഭാരശേഷിയുള്ളതും സഞ്ചരിക്കുന്നതുമായ ലാേഞ്ചിംഗ് ഗാൻട്രികൾ ഉപയോഗിച്ച് ഉയർത്തിയാണ് ആദ്യത്തെ ഗർഡർ ഒറ്റതൂണുകൾക്ക് മുകളിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ സ്ഥാപിച്ചത്. എൻജിനിയർമാരും തൊഴിലാളികളും അടക്കം അമ്പതോളം പേരാണ് ഇതിനായി പ്രവർത്തിച്ചത്. പ്രോജക്ട് മാനേജർ പി.എം. വേണുഗോപാലിന്റെ മേൽനോട്ടത്തിലായിരുന്നു ജോലികൾ . തുറവൂർ തെക്ക് ഭാഗത്തെ യാർഡിൽ നിർമ്മിച്ച ഗർഡർ കഴിഞ്ഞ ദിവസം തുറവൂരിലെത്തിച്ചിരുന്നു. ഇന്നലെ വൈകിട്ട് നാലരയോടെ എത്തിച്ച രണ്ടാമത്തെ ഗർഡർ വൈകിട്ട് ആറിനും സ്ഥാപിച്ചു. രണ്ട് തൂണുകൾ തമ്മിൽ 30 മീറ്റർ അകലമാണ് ഉള്ളത്. ഈ തൂണുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിന് 7 ഗർഡറുകളാണ് സ്ഥാപിക്കുന്നത്. ഗർഡർ സ്ഥാപിക്കലിനെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായത് യാത്രക്കാരെ വലച്ചു.