
ആലപ്പുഴ: നഗരസഭാ ജീവനക്കാരനെ മർദ്ദിച്ച കേസിൽ പുറത്താക്കിയ കണ്ടിജന്റ് ജീവനക്കാരന് പുനർനിയമനം നൽകാനുള്ള നീക്കത്തിനെതിരെ നഗരസഭ കൗൺസിലിൽ പ്രതിപക്ഷ പ്രതിഷേധം. നഗരസഭയിലെ കണ്ടീജന്റ് ജീവനക്കാരനായിരുന്ന സുഗേഷിനെ തിരിച്ചെടുക്കാനുള്ള നീക്കമാണ് കൗൺസിൽ യോഗത്തിൽ കോൺഗ്രസ് - ബി.ജെ.പി അംഗങ്ങളുടെ വിയോജിപ്പിനും ഒച്ചപ്പാടിനും ഇടയാക്കിയത്. ജീവനക്കാരനെ മർദ്ദിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയതും സുഗേഷിന്റെ ജോലി കാര്യത്തിൽ കൗൺസിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്നുമുള്ള ഹൈക്കോടതിഉത്തരവും ചൂണ്ടിക്കാട്ടി സി.പി.എം കൗൺസിലർ എം.ആർ.പ്രേം പുനർനിയമനം ആവശ്യപ്പെടുകയും ഭരണ പക്ഷ അംഗങ്ങൾ പിന്തുണയ്ക്കുകയും ചെയ്തതോടെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. റീഗോ രാജുവും ബി.ജെ.പി കൗൺസിലർ ഹരികൃഷ്ണനും എതിർപ്പുമായി രംഗത്തെത്തി. ഇത് ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റത്തിനിടയാക്കിയെങ്കിലും പുനർനിയമനത്തിന് കൗൺസിൽ തീരുമാനമെടുത്തതായി ചെയർപേഴ്സൺ കെ.കെ ജയമ്മ അറിയിച്ചു.
എംപ്ളോയ്മെന്റ് എക്സ് ചേഞ്ച് മുഖാന്തിരമല്ലാതെ നിയമനം സാദ്ധ്യമല്ലെന്നിരിക്കെ ഇക്കാര്യത്തിൽ നിലപാടെടുക്കാൻകൗൺസിൽ തീരുമാനം ഗവൺമെന്റിന് വിടുമെന്ന് സെക്രട്ടറി മുംതാസ് കൗൺസിലിൽ അറിയിച്ചു. നഗരത്തിലെ കുടിവെള്ള പ്രശ്നത്തിനെതിരെ ഭരണ- പ്രതിപക്ഷ അംഗങ്ങൾ കൗൺസിലിൽ ആഞ്ഞടിച്ചു. വാട്ടർ അതോറിട്ടി- അമൃത് പദ്ധതി ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിച്ചുചേർത്ത് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുമെന്ന് ചെയർപെഴ്സൺ കൗൺസിലിൽ അറിയിച്ചു.കൈതവന, പള്ളാത്തുരുത്തി, സനാതനപുരം, മന്നത്ത് , തോണ്ടൻ കുളങ്ങര വാർഡുകളിലെ കൗൺസിലർമാരാണ് കുടിവെള്ള പ്രശ്നം കൗൺസിലിൽ ഉന്നയിച്ചത്. നഗരസഭയുടെ പ്രഥമ ഹെൽത്ത് ആന്റ് വെൽനസ് സെന്റർ കിടങ്ങാംപറമ്പിൽ നാളെ പി.പി ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയർപെഴ്സൺ കെ.കെ ജയമ്മ അറിയിച്ചു. നഗരസഭാ വാർഡുകളുടെ വികസനത്തിനായി ചെലവഴിച്ച തുകകളുടെ കണക്ക് അടുത്ത കൗൺസിൽ യോഗത്തിൽ കൗൺസിൽ അംഗങ്ങൾക്ക് കൈമാറണമെന്ന് മുൻ നഗരസഭാ ചെയർപെഴ്സൺ സൗമ്യരാജ് ആവശ്യപ്പെട്ടു. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ ,നഗരസഭാ സെക്രട്ടറി മുംതാസ് , നഗരസഭാ ജീവനക്കാർ എന്നിവരും കൗൺസിൽ യോഗത്തിൽ സംബന്ധിച്ചു.