ആലപ്പുഴ: ഗാന്ധിചിത്രങ്ങളോടും ഗാന്ധിപ്രതിമകളോടും വൈരാഗ്യ ബുദ്ധിയോടുകൂടിയുള്ള ആക്ഷേപം വർദ്ധിച്ചു വരുന്നതായി ഗാന്ധിയൻ ദർശനവേദി നേതൃയോഗം വിലയിരുത്തി. മഹാത്മാഗാന്ധി പ്രതിമയോടുള്ള അനാദരവ് രാജ്യദ്രോഹ കുറ്റമായി കണ്ട് കർശന നടപടി സ്വീകരിച്ച് പ്രതിയെ ശിക്ഷിക്കാനുള്ള നിയമനിർമ്മാണം നടത്തണമെന്ന് നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു. കേരള സർവോദയ മണ്ഡലം, ഗാന്ധി ദർശൻ വേദി തുടങ്ങിയവയുമായി സഹകരിച്ച് ഇന്ന് വൈകിട്ട് 5ന് ക്വിറ്റ് ഇന്ത്യാ സ്മാരക മണ്ഡപത്തിൽ പ്രതിഷേധസംഗമം സംഘടിപ്പിക്കും. ഗാന്ധിയൻ ദർശന വേദി വൈസ് ചെയർമാൻ പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു.സർവോദയ മണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്.സുധീർ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. സർവോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് എം.ഇ.ഉത്തമക്കുറുപ്പ്, മിത്ര മണ്ഡലം ജില്ലാപ്രസിഡന്റ് പി.എ.കുഞ്ഞുമോൻ, ജില്ലാസെക്രട്ടറി ആശ കൃഷ്ണാലയം, ദർശന വേദി കൺവീനർ ഇ.ഷാബുദീൻ, ഡി.ഡി.സുനിൽകുമാർ, എൻ.അജിത്ത് രാജ്, ബിനു മദനൻ, ഷീല ജഗധരൻ, ശ്യാമള പ്രസാദ്, ചമ്പക്കുളം രാധാകൃഷ്ണൻ, തോമസ് ജോൺ, ജേക്കബ് എട്ടുപറയിൽ, ആന്റണി കരിപ്പാശ്ശേരി, ജോർജ് തോമസ് ഞാറക്കാട്ടിൽ എന്നിവർ സംസാരിച്ചു.