
ഹരിപ്പാട്: ശിവഗിരി തീർത്ഥാടനത്തിനുള്ള ദിവ്യജ്യോതി പ്രയാണത്തിന് കരുവാറ്റ ശ്രീനാരായണ ധർമ്മ സോവാ സംഘത്തിൽ സ്വീകരണം നൽകി. കണ്ണൂർ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ നിന്നും നിയുക്ത മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്ത ദിവ്യ ജ്യോതി കരുവാറ്റ ശ്രീനാരായണ ധർമ്മ സോവാ സംഘത്തിൽ സംഘം സെക്രട്ടറി കുഞ്ഞുമോൻ ജോ.സെക്രട്ടറി സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി ഗുരു ധർമ്മ പ്രചരണ സഭ, വെറ്റമുക്ക്, ചവറ, നീങ്ങകം, ശക്തികുളങ്ങര, കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി, എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ജാഥ ശിവഗിരിയിൽ എത്തിച്ചേരും. ശ്രീ ഭക്തി സംവർദ്ധിനി യോഗം പ്രസിഡന്റ് കെ.പി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി. കെ.രാജേന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.പി. വിനോദ് കുമാർ, ഡയറക്ടർമാരായ പി.സി.അശോകൻ, സി.സി മോഹനൻ എന്നിവരും ജാഥാംഗങ്ങളായ ഗുരുധർമ്മ പ്രചരണ സഭ കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി ആർട്ടിസ്റ്റ് ശശികല, എസ്.എൻ.ഡി.പി യോഗം പയ്യന്നൂർ യൂണിയൻ വൈസ് ചെയർമാൻ രാജീവൻ എം.കെ എന്നിവരും ചേർന്ന് ജ്യോതി കൈമാറും. തുടർന്ന് തീർത്ഥാടന സമ്മേളന നഗരിയിൽ ദിവ്യജ്യോതി തെളിയിക്കുന്നതോടൊപ്പം ഈ വർഷത്തെ ശിവഗിരി തീർത്ഥാടന സമ്മേളനങ്ങൾക്ക് തുടക്കമാവും.