ambala

അമ്പലപ്പുഴ: കൊച്ചിൻ ഷിപ്പ് യാർഡിലെ ജീവനക്കാരനെ തകഴിയിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.ഹരിപ്പാട് പള്ളിപ്പാട് നടുവട്ടം കാക്കരസം പളളി വീട്ടിൽ രാധാകൃഷ്ണൻ - ഷീല ദമ്പതികളുടെ മകൻ രാകേഷ് (28)നെ ആണ് വ്യാഴാഴ്ച രാത്രി തകഴി കോന്തങ്കരി പാലത്തിനു താഴെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ബാഗും, ചെരിപ്പും കരയിൽ ഇരിക്കുന്നതു കണ്ട നാട്ടുകാർ അമ്പലപ്പുഴ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.വിവരം അറിഞ്ഞെത്തിയ തകഴി അഗ്നി രക്ഷാ സേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമാർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കൊച്ചിൻ ഷിപ്പ് യാർഡിൽ രാവിലെ ജോലിക്കു പോയ രാകേഷ് വൈകിട്ടോടെ ട്രെയിനിൽ തകഴി സ്റ്റേഷനിൽ ഇറങ്ങിയ ശേഷം അമ്മയുടെ ബന്ധുക്കളെ കാണാൻ പോയതാണെന്ന് ബന്ധുക്കൾ പറഞ്ഞു. വിവാഹനിശ്ചയം കഴിഞ്ഞ രാകേഷിന്റെ വിവാഹം രണ്ടു മാസത്തിനുളളിൽ നടത്താൻ തീരുമാനിച്ചിരുന്നതാണ്. സഹോദരി: രാഖി . സഹോദരീഭർത്താവ്: ബിൻസ്.