
ആലപ്പുഴ: ആലപ്പുഴ ബീച്ചിലേക്ക് അണമുറിയാതെ ജനപ്രവാഹം. എല്ലാ വൈകുന്നേരങ്ങളും പ്രദേശം സന്ദർശകരെ കൊണ്ട് നിറയുകയാണ്. പുതുവത്സര പുലരിവരെ ഈ ഒഴുക്കിന് കുറവുണ്ടാകില്ല. ആഴ്ചകൾക്ക് മുമ്പ് മറൈൻ പ്രദർശനവും വ്യാപാരമേളയും ആരംഭിക്കുകയും വിദ്യാലയങ്ങൾ ക്രിസ്മസ് അവധിക്ക് അടയ്ക്കുകയും ചെയ്തതതോടെ ആളുകൾ കൂട്ടമായി എത്തിത്തുടങ്ങിയിരുന്നു. ബീച്ച് ഫെസ്റ്റ് കൂടി തുടങ്ങിയതോടെ തിരക്ക് ക്രമാതീതമായി. ഇതോടെ ബീച്ചിലേക്ക് വാഹനങ്ങളിൽ അടുക്കാൻ കഴിയാത്ത സ്ഥിതിയുമായി. കിലോമീറ്ററുകൾക്ക് അപ്പുറം വാഹനം പാർക്ക് ചെയ്ത ശേഷം തീരത്തേക്ക് നടന്നുപോകേണ്ട അവസ്ഥയാണ്.
അകലം കൈവിട്ട് ആഘോഷം
തിരക്ക് അനിയന്ത്രിതമായതോടെ കൊവിഡ് ഭീതിയും വർദ്ധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ ദിവസേന കൂടിവരുന്ന സാഹചര്യത്തിൽ ജാഗ്രത ആവശ്യമാണ്.
ജില്ലയിൽ ആക്ടീവ് കേസുകളൊന്നും നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രോഗം പടരാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ആഘോഷത്തിമിർപ്പിൽ ബഹുഭൂരിപക്ഷം പേരും മാസ്‌ക്കിനോടും സാമൂഹിക അകലത്തോടുമെല്ലാം വിട പറഞ്ഞ മട്ടാണ്. തിരക്കേറിയ സ്ഥലങ്ങളിൽ കൈക്കുഞ്ഞുമായി എത്തുന്നവർ പോലും ഇക്കാര്യത്തിൽ ജാഗ്രത കാട്ടുന്നില്ല.
1.മാസ്ക്ക് പ്രതിരോധം ഗുണകരം
2.സാനിട്ടൈസർ ഉപയോഗിക്കുക
3.സാമൂഹിക അകലം പാലിക്കുക
തിരക്കൊഴിയാതെ മുല്ലയ്ക്കൽ
ചിറപ്പിന് കൊടിയിറങ്ങിയെങ്കിലും മുല്ലയ്ക്കൽ - കിടങ്ങാംപറമ്പ് പാതയിലെ തിരക്കിന് കാര്യമായ കുറവുണ്ടായിട്ടില്ല. വ്യാപാരികൾ പുതുവർഷം വരെ തുടരുമെന്നതിനാൽ ധാരാളം പേരാണ് കാഴ്ചകൾ കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്. പോപ്പി ഗ്രൗണ്ടിലെ കാർണിവലിലും ജനത്തിരക്കുണ്ട്.
ബീച്ച് ഫെസ്റ്റിൽ ഇന്ന്
വൈകിട്ട് 6ന് : കോമഡി സൂപ്പർ നൈറ്റ്
8 ന് : ചടുല താളമേളം (നാടൻപാട്ട്)