മാന്നാർ: തന്റെ പേരിലുള്ള വ്യാജ കത്ത് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരെ മാന്നാർ ഗ്രാമപഞ്ചായത്ത് വികസന സമിതി അദ്ധ്യക്ഷയും നാലാം വാർഡ് മെമ്പറുമായ ശാലിനി രഘുനാഥ് മാന്നാർ പൊലീസിൽ പരാതി നൽകി. പതിനെട്ടാം വാർഡിൽ വിഷവർശ്ശേരിക്കര ക്ഷേത്രത്തിനുള്ളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനു മാന്നാർ ഗ്രാമപഞ്ചായത്ത്‌ കമ്മിറ്റി എടുത്ത തീരുമാനത്തിന് വിരുദ്ധമായി ലൈറ്റ് നാലാം വാർഡിൽ മെമ്പറെ അറിയിക്കാതെയാണ് സ്ഥാപിച്ചിട്ടുള്ളത്. പതിനെട്ടാം വാർഡിലേക്ക് അനുവദിച്ച ലൈറ്റ് ആ വാർഡിലുള്ള ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന തരത്തിൽ സ്ഥാപിക്കണമെന്നാണ് നിലപാട്. ഈ സംഭവവുമായി ബന്ധപ്പെട്ട് ശാലിനി രഘുനാഥിന്റെ ഒപ്പോ സീലോ ഒന്നുമില്ലാതെ പേരും സ്ഥാനവും ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനു എതിരാണെന്നും മറ്റും കാണിച്ച് തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജ കത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായും ഇത് പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എന്നാവശ്യപ്പെട്ടാണ് മാന്നാർ സി.ഐ ജോസ് മാത്യുവിന് ശാലിനി രഘുനാഥ് പരാതി നൽകിയത്.