ചേർത്തല: പൊതുവിദ്യാലയങ്ങളിലെ ഹൈസ്‌കൂൾ വിഭാഗം കുട്ടികളുടെ ഐ.സി.ടി. കൂട്ടായ്മയായ ലി​റ്റിൽ കൈ​റ്റ്സിന്റെ 2022- 25ബാച്ചിന്റെ ഉപജില്ലാക്യാമ്പുകൾക്ക് തുറവൂർ സബ് ജില്ലയിൽ തുടക്കമായി. സബ് ജില്ലയിലെ ലി​റ്റിൽ കൈ​റ്റ്സ് സ്‌കൂൾ യൂണി​റ്റുകളിൽ നിന്ന് തിരഞ്ഞെടുത്ത കുട്ടികൾക്കുള്ള സവിശേഷ പരിശീലനത്തിനാണ് തുടക്കമായത്. ആദ്യ ബാച്ച് മണപ്പുറം സെന്റ് തെരെസാസ് ഹൈസ്‌കൂളിലാണ് നടക്കുന്നത്.തുറവൂർ സബ് ജില്ലയിലെ 18 ലി​റ്റിൽ കൈ​റ്റ്സ് യൂണി​റ്റുകളിൽനിന്നുള്ള 130 കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിംഗ്,മെഷീൻ ലേണിംഗ്, പൈത്തൺ കോഡിംഗ്, ബ്ലോക്ക് കോഡിംഗ്,ആർഡിനോ പരീക്ഷണങ്ങൾ എന്നിവ പ്രോഗ്രാമിംഗ് വിഭാഗത്തിലും 2ഡി ആനിമേഷൻ, 3ഡി ആനിമേഷൻ,ടൈ​റ്റിൽ ഗ്രാഫിക്സ്, തീം സ്‌ക്രിപ്റ്റിംഗ്,വീഡിയോ എഡി​റ്റിംഗ് എന്നിവയിൽ പരിശീലനം നൽകും.

പ്രധാന അദ്ധ്യാപകൻ കെ.എസ്.ഷാജു,കൈറ്റ് മാസ്​റ്റർ ട്രെയിനർ ബി.ജോർജ്ജ് കുട്ടി,ആർ.പിമാരായ എം.കെ.അജിത,എൻ.എസ്.പ്രശാന്ത്,സിസ്​റ്റർ സുമ തോമസ്. ജിത്തു ജോയി എന്നിവർ നേതൃത്വം നല്കി. മികവ് പുലർത്തുന്നവരെ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കും.