kolam

ആലപ്പുഴ: ചിരപുരാതനവും പ്രസിദ്ധവുമായ കോലം എഴുന്നള്ളത്തിനെ വരവേൽക്കാനൊരുങ്ങി ‌കാഞ്ഞൂർ ദേശം. കാഞ്ഞൂർ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് ദ്റാവിഡസംസ്കാരത്തിന്റെ ബാക്കിപത്രമായ കോലം എഴുന്നള്ളത്തെന്ന അനുഷ്ഠാനം അരങ്ങേറുന്നത്.

നാട്ടിൽ നിന്നും ദൂരസ്ഥലങ്ങളിൽനിന്നുമായി അറുനൂറിലധികം കോലങ്ങളാണ് ഉത്സവ സമാപനത്തോടനുബന്ധിച്ച് രണ്ടു ദിവസങ്ങളിലായി ക്ഷേത്രത്തിലെത്തുന്നത്. കാളീപ്രീതിക്കായാണ് കോലം തുള്ളലെന്നാണ് വിശ്വാസം.

കാളീസങ്കല്പത്തിലധിഷ്ഠിതമായ ഭൈരവിക്കോലം ശൈവസങ്കല്പാർത്ഥമുള്ള കാലൻ കോലം പ്രധാനകോലമായ പഞ്ചകോലം പക്ഷി, യക്ഷി, ഗന്ധർവൻ, പ്രജ എന്നീ കുട്ടിക്കോലങ്ങളും ഉൾക്കൊള്ളുന്നതാണ് കോലം എഴുന്നള്ളത്ത് . കവുങ്ങിൻപാള ചെത്തി കവുങ്ങിൻ ചട്ടത്തിൽ കുരുത്തോലഈർക്കിൽ കൊണ്ട് നെയ്തുപിടിപ്പിച്ച ശേഷമാണ് കോലമെഴുത്ത്. പച്ച മഞ്ഞൾ, ചുണ്ണാമ്പും മഞ്ഞളും കലർത്തിയുണ്ടാക്കുന്ന ചുവപ്പ്, ചിരട്ടക്കരി എന്നിവയാണ് ചായങ്ങൾ.

പന്തത്തിന്റെയും ചൂട്ടുക​റ്റകളുടെയും വെട്ടത്തിൽ താലപ്പൊലി അകമ്പടിയിൽ ചെണ്ട മേളത്തോടെയാണ് കോലങ്ങൾ ക്ഷേത്രത്തിലേക്ക് തുള്ളിപ്പോകുന്നത്. കോലമെടുക്കുന്നവർ ആചാരപ്രകാരം എട്ടു ദിവസം ചുവട് പരിശീലിക്കണം. കൊടിയേറുന്ന ദിവസംപരിശീലനം തുടങ്ങും. ചെണ്ടയുടെ താളത്തിലാണ് ചുവട് വയ്ക്കുക.

ക്ഷേത്രസന്നിധിയിലെത്തി പ്രദക്ഷിണം നടത്തി കോലം സമർപ്പിക്കും. വഴിപാടുകാരുടെ വീട്ടിൽനിന്ന് കാൽനടയായാണ് കോലം ദേവീ സന്നിധിയിലെത്തിക്കുന്നത്. വഴിപാടുകാരും അനുഗമിക്കും. ജനുവരി 3,4 തീയതികളിലാണ് ഇത്തവണ കോലം എഴുന്നള്ളത്ത്.

കാഞ്ഞൂരിന് പുറമേ പള്ളിപ്പാട്, വീയപുരം, കരുവാ​റ്റ, ഹരിപ്പാട് , മുതുകുളം,കായംകുളം എന്നിവിടങ്ങളിൽനിന്നും കോലങ്ങളെത്തും. പൂപ്പടയോടെയാണ് ഉത്സവച്ചടങ്ങുകൾ
സമാപിക്കുന്നത്.