ആലപ്പുഴ : അടച്ചു പൂട്ടിയ പാതിരപ്പള്ളി എക്‌സൽ ഗ്‌ളാസ് ഫാക്ടറിയിലെ യന്ത്രങ്ങളുടെ വില്പന പൂർത്തിയായിട്ടും തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പൂർണമായി വിതരണം ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. നവകേരളസദസിൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികളും യൂണിയനുകളും. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ എ.ഡി.എമ്മിന് കൈമാറിയിരിക്കുകയാണ് ഈ അപേക്ഷ.

75,000 മുതൽ അഞ്ചു ലക്ഷം രൂപ വരെ ഓരോ തൊഴിലാളിക്കും ഗ്രാറ്റുവിറ്റിയായി ലഭിക്കാനുണ്ട്. ദേശീയപാതയ്ക്ക് സമീപം ഫാക്ടറിയുടെ 18.5ഏക്കർ സ്ഥലത്തിനും അനുബന്ധ കെട്ടിടത്തിനും യന്ത്രങ്ങൾക്കും ചേർത്തല പള്ളിപ്പുറത്ത് രണ്ട് ബ്ളോക്കുകളിലായുള്ള അഞ്ച് ഏക്കർ സ്ഥലത്തിനുമായി 200 കോടി രൂപയിലധികം കിട്ടുന്നതാണെങ്കിലും നൂറ് കോടിയിൽ താഴെയാണ് വിലയിട്ടത്. സ്ഥലം ഒഴികെ കെട്ടിടവും യന്ത്രങ്ങളും രണ്ട് ഘട്ടമായി ലേലം ചെയ്തു. ഈ തുകയിൽ നിന്ന് ഗ്രാറ്റുവിറ്റിയുടെ 40ശതമാനമാണ് തൊഴിലാളികൾക്ക് നൽകിയത്. ശേഷിച്ച തുക എന്ന് നൽകുമെന്ന് ഉറപ്പില്ല. അവശേഷിക്കുന്ന ഗ്രാറ്റുവിറ്റി, നിർബന്ധിത പിരിച്ചുവിടൽ അനുകൂല്യം, ശമ്പള കുടിശിക, ബോണസ് എന്നിവ ഇനിയും ലഭിക്കേണ്ടതുണ്ട്.

ദേശീയപാതയ്ക്ക് സമീപമുള്ള 18.5 ഏക്കർ സ്ഥലത്തിന്റെ വില്പന രഹസ്യമായി നടന്നതായാണ് തൊഴിലാളികൾ പറയുന്നത്. ചേർത്തല പള്ളിപ്പുറത്തെ അഞ്ച് ഏക്കർ സ്ഥലമാണ് ഇനി വിൽക്കാനുള്ളത്.

പി.എഫ് തുകയും പിൻവലിക്കാനാകുന്നില്ല

1.തൊഴിലുടമയുടെ ചുമതലയുള്ള ലിക്വിഡേറ്റർ ജോയിന്റ് ഡിക്‌ളറേഷൻ ഫോറം ഒപ്പിട്ടു നൽകാത്തതിനാൽ തൊഴിലാളികൾക്ക് പി.എഫ് തുക പിൻവലിക്കാൻ കഴിയുന്നില്ല

2.ഫാക്ടറി അടച്ചു പൂട്ടിയതിനെ തുടർന്ന് സർക്കാരാണ് ലിക്വിഡേറ്ററെ നിയമിച്ചത്. തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ടതുൾപ്പെടെ ഫാക്ടറിയുടെ രേഖകൾ ലിക്വിഡേറ്റർക്ക് കൈമാറിയിരുന്നു

3. ഈ രേഖകൾ മോഷണം പോയെന്നാണ് ലിക്വിഡേറ്ററുടെ ഓഫീസ് ജീവനക്കാർ പറയുന്നത്. എന്നാൽ,ഗ്രാറ്റുവിറ്റിയുമായി ബന്ധപ്പെട്ട കേസിൽ ഉദ്യോഗസ്ഥർ തയ്യാറാക്കിയ രേഖകൾ ലിക്വിഡേറ്റർ കോടതിയിൽ സമർപ്പിച്ചിരുന്നു

4.മുഴുവൻ വിവരങ്ങളും സി.ഡിയിലാക്കി സൂക്ഷിച്ചിട്ടുമുണ്ട്. തൊഴിലാളികൾക്ക് സാക്ഷ്യപത്രം നൽകാത്തതിന് പിന്നിൽ ദുരുഹതയുണ്ടെന്നാണ് ആക്ഷേപം

തൊഴിലാളികൾ : 549

നൽകാനുള്ളത് : 7 കോടി

തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള തന്ത്രങ്ങളാണ് മെനയുന്നത്. പി.എഫ്, ഗ്രാറ്റുവിറ്റി ഉൾപ്പെടെ മുഴുവൻ ആനുകൂല്യങ്ങളും നൽകണം. ഫാക്ടറിയുടെ സ്ഥലം രഹസ്യമായി വില്പന നടത്തിയിട്ടും ആനുകൂല്യങ്ങൾ നൽകുന്നില്ല. നവകേരളസദസിൽ നൽകിയ അപേക്ഷയിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

- ആർ.അനിൽകുമാർ, എ.ഐ.ടി.യു.സി

ഫാക്ടറിയുടെ സ്ഥലം വിറ്റത് സംബന്ധിച്ചുള്ള വിവരം ലിക്വഡേറ്റർ വെളിപ്പെടുത്താത്തത് തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകാതെ വഞ്ചിക്കാനാണ്. ആനുകൂല്യങ്ങൾ നൽകിയില്ലെങ്കിൽ ഫാക്ടറിക്ക് അകത്ത് കയറി സമരം നടത്തും.

- ബാബുരാജ്, തൊഴിലാളി