
കൃഷ്ണപുരം:നിരത്തുവക്കുകളിലെ മാലിന്യ നിക്ഷേപത്തിനെതിരെ സ്നേഹാരാമവും ഭിന്നശേഷിക്കാർക്കായി സഹചാരി പദ്ധതിയുമുൾപ്പെടെ നിരവധി പദ്ധതികളൊരുക്കി കൃഷ്ണപുരം ഗവ.വി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് സമാപനത്തിലേക്ക്. കൃഷ്ണപുരം ഗ്രാമ പഞ്ചായത്തിലെയും കായംകുളം നഗരസഭയിലെയും നിരത്തുവക്കുകളിലെ മാലിന്യക്കൂനകൾ നീക്കം ചെയ്ത് വിവിധ വർണങ്ങളിലുള്ള പൂച്ചെടികൾ കൊണ്ട് ഉദ്യാനമൊരുക്കി കുട്ടികൾ വലിച്ചെറിയൽ വിമുക്തകേരളത്തിന്റെ സന്ദേശവാഹകരായി. ഹൃദ്യം 2023 എന്ന പേരിൽ കൃഷ്ണപുരം ഗവ.യു.പി.എസിൽ നടന്ന ക്യാമ്പ് നഗരസഭാ വൈസ് ചെയർമാൻ ജെ. ആദർശ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷംല നിസാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സോജൻ.എ, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ ഷാമില അനിമോൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ബിനു അശോക്, പ്രോഗ്രാം ഓഫീസർ ഷീജാ മോൾ.കെ, സ്റ്റാഫ് സെക്രട്ടറി ഷംനാദ്.എസ് തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പ് നാളെ സമാപിക്കും.