ആലപ്പുഴ: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഇന്ന് ഉച്ചക്ക് 2 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ അറിയിച്ചു.
സുരക്ഷാ ഡ്യൂട്ടിക്കും, ട്രാഫിക് ക്രമീകരണങ്ങൾക്കുമായി ആലപ്പുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ 500 ൽപ്പരം പൊലീസിനെ നഗരത്തിൽ വിന്യസിക്കും.
പൊതുസ്ഥലത്തുള്ള മദ്യപാനം, മദ്യലഹരിയിൽ വാഹനമോടിക്കുക, മറ്റ് ലഹരി വസ്തുക്കൾ ഉപയോഗിച്ച് പൊതുജനങ്ങൾക്ക് അസഹ്യതയുളവാക്കുന്ന തരത്തിൽ ശബ്ദശല്യം സൃഷ്ടിക്കുക തുടങ്ങിയവ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മദ്യലഹരിയിൽ വാഹനമോടിക്കുന്നവരുടെ വാഹനം പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കും, ഡ്രൈവിംഗ് ലൈസൻസ് സസ്‌പെന്റ് ചെയ്യും.
ഉച്ചക്ക് 2 മണി മുതൽ ആലപ്പുഴ ബീച്ച് ഭാഗത്തേക്കുള്ള വാഹന ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി.
ബീച്ച് റോഡിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല. ഫോംമാറ്റിംഗ്‌സിന് സമീപമുള്ള അടിപ്പാതയിലൂടെ അടിയന്തര ഗതാഗതം മാത്രമേ അനുവദിക്കൂ. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എത്തുന്ന വാഹനങ്ങൾ, ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ട്, ലൈറ്റ് ഹൗസിന് സമീപം എഫ്.സി.ഐ റോഡ്, സി.സി.എൻ.ബി റോഡ്, ഡച്ച് സ്‌ക്വയറിന് വടക്കു ഭാഗത്തേക്കുള്ള റോഡ്, മുപ്പാലം വടക്കു ഭാഗത്തുള്ള കനാലിന്റെ ഇരു സൈഡിലുമുള്ള റോഡ് എന്നിവിടങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാവൂ.

മാരാരിക്കുളം ബീച്ച് ഫെസ്റ്റ്

മാരാരിക്കുളം ബീച്ച് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ദേശീയപാതയിൽ കളിത്തട്ട് ജംഗ്ഷനിൽ നിന്നും മാരാരിക്കുളം ബീച്ചിലേയ്ക്ക് വൺവേ സംവിധാനം ഏർപ്പെടുത്തി. കിഴക്ക് നിന്നും പടിഞ്ഞാറോട്ടുള്ള വാഹനങ്ങൾ മാത്രമേ പോകുവാൻ അനുവദിക്കുകയുള്ളൂ. മാരാരീ ബിച്ചിൽ നിന്നുള്ള വാഹനങ്ങൾ തീരദേശ റോഡിൽ മാരാരിക്കുളം ബീച്ച് ജംഗ്ഷനിൽ വന്നതിന് ശേഷം ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞ് പോകണം.