മാന്നാർ: കുട്ടംപേരൂർ പതിനൊന്നാം വാർഡിൽ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതോടെ മാന്നാറിൽ വീണ്ടും രാഷ്ട്രീയ ചർച്ചകൾക്ക് ചൂടേറി. പതിനൊന്നാം വാർഡിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച സുനിൽശ്രദ്ധേയത്തിനെ കൂറുമാറ്റ നിയമപ്രകാരം ഹൈക്കോടതി അയോഗ്യനാക്കിയതിനെത്തുടർന്നാണ്, ആ വാർഡിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനു മുന്നോടിയായി ഇന്ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുകയും കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും 16 ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കുകായും ചെയ്യും. 24 ന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ അപ്ഡേഷൻ പൂർത്തിയാക്കി അന്തിമ വോട്ടർപട്ടിക 25 ന് പ്രസിദ്ധീകരിക്കും.

ആകെയുള്ള പതിനെട്ട് സീറ്റിൽ സുനിൽ ശ്രദ്ധേയം പുറത്തായതോടെ എൽ.ഡി.എഫിനും യു.ഡി.എഫിനും എട്ട് സീറ്റ് വീതവും ബി.ജെ.പിക്ക് ഒരുസീറ്റുമാണ് നിലവിലുള്ളത്. ഇരുമുന്നണികളും തുല്യ ശക്തികളായി നിലകൊള്ളുന്നതിനാൽ ഉപതിരഞ്ഞെടുപ്പിന് ഏറെപ്രാധാന്യമാണുള്ളത്. കഴിഞ്ഞ 19 ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്‌നകുമാറിക്കെതിരെ യു.ഡി.എഫ് കൊണ്ട് വന്ന അവിശ്വാസം പരാജയപ്പെടുകയും പിന്നീട് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും 8 വീതം വോട്ടുകൾ നേടി തുല്യതയിലെത്തിയതോടെ നടന്ന നറുക്കെടുപ്പിൽ എൽ.ഡി.എഫിലെ കേരള കോൺഗ്രസ് (എം) അംഗം സെലീന നൗഷാദ് തിരഞ്ഞെടുക്കപ്പെടുകയുമുണ്ടായി. ഏറെ വീറും വാശിയും ഉയർത്തുന്ന ഉപതിരഞ്ഞെടുപ്പിനായി അണിയറയിൽ തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ് മുന്നണികൾ.