കുട്ടനാട് : 65ാമത് നീരേറ്റുപുറം ഉത്രാടം തിരുനാൾ പമ്പാ ജലോത്സവത്തിൽ കെ.ജി.എബ്രഹാം ക്യാപ്റ്റനായ നിരണം ബോട്ട് ക്ലബ് തുഴഞ്ഞനിരണം ചുണ്ടൻ ജേതാവായി. നീരേറ്റുപുറം ഇമ്മാനുവൽ ബോട്ട് ക്ലബ് തുഴഞ്ഞ നടുവിലെ പറമ്പനെ തുഴപ്പാടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെടുത്തിയാണ് നിരണം ഒന്നാമതെത്തിയത്. തായങ്കരി ജവഹർ ബോട്ട് ക്ലബ് തുഴഞ്ഞ ജവഹർ തായങ്കരി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

വെപ്പ് എ ഗ്രേഡ് മത്സരത്തിൽ റോബിൻ കടവിൽ ക്യാപ്റ്റനായ കരുമാടി ഐശ്വര്യ ബോട്ട് ക്ലബ് കടവിൽ സെന്റ് ജോർജ്ജ് ഒന്നാംസ്ഥാനവും ജോഷുവ മുല്ലപ്പള്ളിൽ ക്യാപ്റ്റനായ കല്ലട ഏഞ്ചൽ ബോട്ട് ക്ലബ് തുഴഞ്ഞ പഴശ്ശിരാജ രണ്ടാം സ്ഥാനവും നേടി.

ഇരുട്ടുകുത്തി എഗ്രേഡ് മത്സരത്തിൽ കുഞ്ഞുമോൻ ചൂരത്ര ക്യാപ്റ്റനായ തലവടി സെൻട്രൽ ബോട്ട് ക്ലബ് തുഴഞ്ഞ മാമ്മൂടൻ ഒന്നാം സ്ഥാനവും പ്രമോദ് എച്ച്. ഉണ്ണി ക്യാപ്റ്റനായ കൊടുപ്പുന്ന ബോട്ട് ക്ലബ് തുഴഞ്ഞ തുരുത്തിത്തറ രണ്ടാം സ്ഥാനവും നേടി

ജലോത്സവത്തിന് മുന്നോടിയായി നടന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.
തോമസ് കെ.തോമസ് എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, വർക്കിംഗ് പ്രസിഡന്റ് വിക്ടർ ടി.തോമസ്, വൈസ് പ്രസിഡന്റുമാരായ പി.രാജശേഖരൻ ബോസ് പാട്ടത്തിൽ , ബോട്ട് റേസ് സെക്രട്ടറി പുന്നൂസ് ജോസഫ്, പബ്ലിസിറ്റി കൺവീനർ സജി കൂടാരത്തിൽ ചീഫ് കോഡിനേറ്റർ ഇൻ ചാർജ് അനിൽ സി.ഉഷസ്, കോർഡിനേറ്റർമാരായ വി.ആർ.രാജേഷ്, അനീഷ് തോമസ് , ബിനുകുരുവിള, ബിജു പത്തിൽ , സത്യം നാഗരാജൻ, ബിന്ദുമോൾ ജോസ്, ജോജി നെടുമ്പ്രം ട്രഷറർ ബിന്നി പി.ജോർജ്ജ്, തങ്കച്ചൻ പാട്ടത്തിൽ എന്നിവർ പങ്കെടുത്തു.