ആലപ്പുഴ: വേനൽ കടുത്തതിന് പിന്നാലെ നഗരത്തിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹാരമില്ലാതെ തുടരുന്നു. വാട്ടർ അതോറിട്ടിയുടെയും അമൃത് പദ്ധതി ഉദ്യോഗസ്ഥരുടെയും യോഗം ഉടൻ വിളിച്ചുചേർക്കുമെന്ന നഗരസഭാ ചെയർപേഴ്സൺ കെ.കെ.ജയമ്മയുടെ ഉറപ്പിലാണ് നാട്ടുകാരുടെ മുഴുവൻ പ്രതീക്ഷയും.
മഴക്കാലം മാറിയതിന് പിന്നാലെ ആലപ്പുഴ നഗരസഭയിലെ മിക്ക വാർഡുകളിലും കുടിവെള്ള പ്രശ്നം ഉടലെടുത്തിരുന്നെങ്കിലും വേനൽ കടുത്തതോടെയാണ് അത് രൂക്ഷമായത്. ദേശീയ പാത വികസനവും കാലപ്പഴക്കം കാരണമായ പൈപ്പ്പൊട്ടലും പമ്പിംഗ് തകരാറുമെല്ലാം കൂടിച്ചേർന്നപ്പോൾ നാട്ടിൽ കുടിവെള്ളം കിട്ടാക്കനിയായി.
ജൽജീവൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാവാട്ടർ അതോറിട്ടി ഡിവിഷൻ ഓഫീസുകളിലും ദ്രുതഗതിയിൽ കണക്ഷനുകൾ നൽകുന്നുണ്ട്. എന്നാൽ, നിലവിലെ ഉപഭോക്താക്കൾക്ക് പോലും ആവശ്യത്തിന് കുടിവെള്ളം ലഭ്യമല്ലാത്ത സാഹചര്യത്തിൽ ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരമുള്ള ഉപഭോക്താക്കൾക്ക് കൂടി എങ്ങനെ കുടിവെള്ളം നൽകാനാകുമെന്ന് ആർക്കും നിശ്ചയമില്ല.
വാട്സ് ആപ് കൂട്ടായ്മ നിർജീവം
കുടിവെള്ള പൈപ്പ്പൊട്ടലുൾപ്പെടെയുള്ള പരാതികൾക്ക് പരിഹാരം കാണാൻ നഗരസഭാ കൗൺസിൽ അംഗങ്ങൾ, വാട്ടർ അതോറിട്ടി- അമൃത് പദ്ധതി ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട വാട്സ് ആപ് കൂട്ടായ്മ രൂപീകരിച്ചെങ്കിലും അതിൽ കൗൺസിലർമാർ ഉന്നയിച്ച പരാതികളിലൊന്നിനും പരിഹാരമുണ്ടായില്ല. ഇതോടെ ദിവസങ്ങൾക്കകം ഗ്രൂപ്പ് നിർജീവമായി.
1.തുലാവർഷത്തിന് പിന്നാലെയാണ് നഗരത്തിൽ കുടിവെള്ള ക്ഷാമം കടുത്തത്. വേനൽ കടുത്തതോടെ വെള്ളത്തിന്റെ ഉപയോഗം കൂടുകയും ജലസ്രോതസുകൾ വരളാൻ തുടങ്ങുകയും ചെയ്തതാണ് പ്രശ്നം രൂക്ഷമാക്കിയത്
2. പൈപ്പ് ലൈനുകളിൽ പലതും കാലപ്പഴക്കത്താൽ പൊട്ടിയുണ്ടാകുന്ന ചോർച്ചയും ടാപ്പുകളിലെ വെള്ളം നൂൽവലിപ്പത്തിലാകാൻ കാരണമായി. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളിൽ ചിലത് പൊളിച്ചാലെ പൈപ്പുകളുടെ പൊട്ടൽ പരിഹരിക്കാൻ കഴിയു
3.അടുത്തിടെ ടാർ ചെയ്ത റോഡുകൾ തുരക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അനുമതി നൽകാത്തത് ചോർച്ച പരിഹരിക്കുന്നതിന് തടസമായിട്ടുണ്ട്.
ആദ്യം വേണ്ടത്
വാട്ടർ അതോറിട്ടി, അമൃത്, പൊതുമരാമത്ത്, നഗരസഭാ വിഭാഗം ഉദ്യോസ്ഥരുടെ സംയുക്തയോഗം ജില്ലാകളക്ടറുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത് കുടിവെള്ളക്ഷാമം പരിഹരിക്കാൻ കൂട്ടായി തീരുമാനമെടുക്കണം
..................................
കുടിവെള്ളക്ഷാമം രൂക്ഷമായ വാർഡുകൾ
കൈതവന, പള്ളാത്തുരുത്തി, സനാതനപുരം, മന്നത്ത് , തോണ്ടൻ കുളങ്ങര
............................................
നഗരത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിക്ക് നഗരസഭ കത്ത് നൽകിയിട്ടുണ്ട്. വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ യോഗം കൂടി വിളിച്ചുചേർത്ത് പരിഹാരം കാണാനാണ് ശ്രമം
- കെ.കെ ജയമ്മ, ചെയർപെഴ്സൺ, ആലപ്പുഴ നഗരസഭ