photo

ആലപ്പുഴ: നഗരത്തിൽ കൂടുതൽ പ്രാഥമിക ചികിത്സാസൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച കിടങ്ങാംപറമ്പ് നഗര ആരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഫണ്ട് ഉപയോഗിച്ചാണ് കിടങ്ങാംപറമ്പ് വാർഡിൽ സഹൃദയ ഹോസ്പിറ്റലിനു സമീപം നിർമ്മാണം പൂർത്തീകരിച്ചത്. നഗരസഭയുടെ വിവിധ വാർഡുകളിലായി 12 ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ ആരംഭിക്കുന്നത്. കിടങ്ങാംപറമ്പിനു പുറമെ ഇരവുകാട്, വഴിച്ചേരി, വാടക്കനാൽ, വലിയമരം എന്നീ കേന്ദ്രങ്ങളിലെ നഗരാരോഗ്യ കേന്ദ്രങ്ങൾ ഈ മാസം തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ പറഞ്ഞു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ നഗര ആരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു. നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ എ.എസ്.കവിത മുഖ്യ പ്രഭാഷണം നടത്തി. സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, എം.ജി.സതീദേവി, നസീർപുന്നക്കൽ, കക്ഷിനേതാക്കളായ സൗമ്യരാജ്, ഡി.പി.മധു, ഹെൽത്ത് ഓഫീസർ കെ.പി.വർഗീസ്, എൻ.എച്ച്.എം കോർഡിനേറ്റർമാരായ പ്രവീണ, ലാറ തുടങ്ങിയവർ സംസാരിച്ചു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ സ്വാഗതവും വാർഡ് കൗൺസിലർ കെ.ബാബു നന്ദിയും പറഞ്ഞു.

.........

സേവനം

നഗര ആരോഗ്യ കേന്ദ്രത്തിൽ ജനറൽ ഒ.പി, ലബോറട്ടറി ക്ലിനിക്, ജീവിതശൈലി രോഗ നിർണയ ക്ലിനിക്, ഗർഭിണികൾക്കും കുട്ടികൾക്കുമായി ആന്റിനേറ്റൽ ക്ലിനിക് എന്നിവകൂടാതെ രോഗവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്‌പെഷ്യലൈസ്ഡ് ഡോക്ടറുമായി ടെലീ കമ്മ്യൂണിക്കേഷൻ സൗകര്യവും ഗുരുതര രോഗങ്ങൾ മുൻകൂട്ടി കണ്ടുപിടിച്ച് പ്രാഥമിക ചികിത്സയും തുടർ ചികിത്സക്കായി നിർദ്ദേശങ്ങൾ നൽകും.

........

പ്രവർത്തനസമയം

ഉച്ചക്ക് ഒന്ന് മുതൽ രാത്രി 7 വരെ ഒ.പി സമയം ക്രമീകരിച്ചിരിക്കുന്ന ക്ലിനിക്കിൽ ഒരു ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, സപ്പോർട്ടിംഗ് സ്റ്റാഫ്, ഫാർമസിസ്റ്റ്, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർ, എന്നിവരെയാണ് പ്രാഥമിക ഘട്ടത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. ആരോഗ്യ സംരക്ഷണത്തിനായുള്ള യോഗ പരിശീലനം, ഹെൽത്ത് ഫിറ്റ്‌നെസ് സെന്ററുകളുടെ സേവനവും ലഭ്യമാണ്. കൂടുതൽ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളും നഗരാരോഗ്യ ക്ലിനിക്കുകളുടെ കീഴിൽ തുടർന്ന് സജ്ജമാക്കും.