
മാന്നാർ: അഞ്ചാം വയസിൽ സംഗീത ലോകത്തേക്ക് പിച്ചവച്ചു കയറിയ മാന്നാർ കുരട്ടിശ്ശേരി വരദയിൽ ഡോ.എൽ.ശ്രീരഞ്ജിനിക്ക് സംഗീതം ജീവിത തപസ്യയാണ്. സാമൂഹ്യ പ്രവർത്തകനും കുത്തിയോട്ടപ്പാട്ടു രചയിതാവുമായിരുന്ന പരുമല പടിഞ്ഞാറ്റേടത്ത് തോപ്പിൽ കെ.അപ്പുക്കുട്ടനാദിശ്ശരുടെ ചെറുമകളായ ശ്രീരഞ്ജിനി, മുത്തശ്ശനിൽ നിന്ന് സ്വായത്തമാക്കിയ കുത്തിയോട്ടപ്പാട്ട് ഈണങ്ങൾക്ക്
സ്വന്തം വരികൾ നൽകി ചെറുപ്പത്തിലേ ശ്രദ്ധ നേടിയിരുന്നു. മാത്രമല്ല കുടുംബ ക്ഷേത്രമായ പരുമല വലിയ പനയന്നാർകാവ് ക്ഷേത്രചരിത്രവും മാഹാത്മ്യവും ഉൾപ്പെടുത്തി 'ദേവീപ്രഭാവം' എന്ന കുത്തയോട്ടപ്പാട്ടുകളുടെ സമാഹാരം പുറത്തിറക്കിയിരുന്നു. ഇതോടെ, കുത്തിയോട്ടപ്പാട്ടുകൾ രചിച്ച ആദ്യ വനിത എന്ന ഖ്യാതിയും ശ്രീരഞ്ജിനിയെ തേടിയെത്തി. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുത്തിയോട്ടപ്പാട്ടുകൾ രചിച്ച് പുസ്തകമാക്കിയിരുന്നു. പരമ്പരാഗത രീതിയിൽ ചിട്ടപ്പെടുത്തിയ പാട്ടുകൾ ക്ഷേത്രസമിതിയുടെ അംഗീകരാത്തിനായി സമർപ്പിച്ചിരിക്കുകയാണ്.
കേന്ദ്ര സംഗീത-നാടക അക്കാഡമിയുടെ അംഗീകാരത്തോടുകൂടി കുരട്ടിക്കാട് നാഷണൽ ഗ്രന്ഥശാല ഹാളിൽ സ്വന്തമായി സംഗീത നൃത്തപഠന കേന്ദ്രവും നടത്തിവരുന്നു. ശ്രീമൂകാംബിക കലാക്ഷേത്രം ഡയറക്ടറായും സംഗീത അദ്ധ്യാപികയായും കലാസമിതി സെക്രട്ടറിയുമായി പ്രവർത്തിക്കുന്നു. റിട്ട.അദ്ധ്യാപകൻ മോഹൻ ദാമോദറാണ് ഭർത്താവ്. മക്കൾ: എം.അദ്വൈത, എം.അജയ.
മനസിലുണ്ട് കലാതിലകം
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ സർവകലാശാലയിൽ കേരള ദേശത്തിന്റെ ഭക്തി പൈതൃകം എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായി കാണുന്ന ശ്രീരഞ്ജിനിക്ക്, കർണ്ണാടക സംഗീതത്തിൽ ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. കർണാടക സംഗീതം, ലളിതഗാനം, പദ്യപരായണം, കവിതാ രചന, പെയിന്റിംഗ്, കഥാരചന എന്നിവയ്ക്ക് കോളേജ് തലത്തിൽ കലാതിലകവും യൂണിവേഴ്സിറ്റി തലത്തിൽ എ ഗ്രേഡും ലഭിച്ച ഈ കലാകാരി തിരുവനന്തപുരം ഗവ.വിമൻസ് കാേളേജിൽ നിന്ന് എം.എ സംഗീതത്തിൽ ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി. ഗുരു ചെങ്ങന്നൂർ സംഗീത അവാർഡ്, കാവാലം നാരായണപ്പണിക്കർ സ്മാരക സംഗീത-സാഹിത്യ പുരസ്‌കാരം, ക്രിയാറ്റിഫ് നോവൽ അവാർഡ് തുടങ്ങിയ നിരവധി സാഹിത്യ പുരസ്കാരങ്ങളും ആദരവുകളും നേടിയിട്ടുണ്ട്.