ആലപ്പുഴ: ബീച്ചിലെ മറൈൻ വേൾഡിൽ മുഖംമൂടിധരിച്ച് അക്രമണം നടത്തിയ സംഘത്തിലെ നാലുപേരെ സംഘാടകരും നാട്ടുകാരും ചേർന്ന് പിടിച്ച് പൊലീസിന് കൈമാറി. ആലപ്പുഴ നഗരസഭ കനാൽ വാർഡ് സ്വദേശികളായ ഷഹൻ (24), ഇർഷാദ് (27), കണിയാംചിറ സ്വദേശി അലൻ (28), കാഞ്ഞിരം ചിറ സ്വദേശി സാം അലക്സാണ്ടർ (27) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി 11.30ന് ആയിരുന്നു അക്രമം. മൂന്ന് ഭാഗങ്ങളിലായി ഗ്രൂപ്പ് തിരിഞ്ഞാണ് അക്രമം നടത്തിയത്. സന്ദർശകർ കയറുന്ന ഭാഗത്ത് ആണ് ആദ്യം പ്രശ്നം ഉണ്ടാക്കിയത്.തുടർന്ന് ടിക്കറ്റ് കൗണ്ടറിലും പ്രവേശന കവാടത്തിലുമാണ് അക്രമണം നടത്തിയത്.ആക്രമണം തടയാൻ ശ്രമിച്ച സ്കൂബ ഡൈവേഴ്സിന് കത്തികൊണ്ട് പരിക്കേറ്റു. സൗത്ത് പൊലീസ് എത്തിയതോടെ സംഘത്തിലെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. അക്രമണം ആസൂത്രിതമാണെന്ന് മറൈൻ വേൾഡ് മാനേജിംഗ് ഡയറക്ടർ ഫയാസ് റഹ്മാനും പി.ആർ.ഒ സുധീർ കോയയും പറഞ്ഞു.