ആലപ്പുഴ: പുത്തൻ പ്രതീക്ഷയോടെ നാടെങ്ങും ആഘോഷപൂർവം പുതുവർഷത്തെ വരവേറ്റു. അവധി ദിവസം കൂടിയായിരുന്നതിനാൽ ബീച്ചുകളിലും ആഘോഷ വേദികളിലും പുതുവത്സരാഘോഷത്തിന് വലിയ ആവേശമായിരുന്നു. വിവിധ ക്ളബുകൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ കലാപരിപാടികളും മത്സരങ്ങളുമൊരുക്കി ആഘോഷപൂർവമാണ് പുതുവർഷത്തെ എതിരേറ്റത്. സന്ധ്യമയങ്ങിയതോടെ തന്നെ നാടും നഗരവും പുതുവർഷാഘോഷ ലഹരിയിലായി. സംഗീതത്തിന്റെ അകമ്പടിയോടെയും പടക്കങ്ങൾ പൊട്ടിച്ചും പൂത്തിരികത്തിച്ചും രാവേറെ നീണ്ട ആഘോഷങ്ങൾക്കാണ് നാടാകെ സാക്ഷ്യം വഹിച്ചത്. അർദ്ധരാത്രിയിൽ വർണവിസ്മയംചൊരിയുന്ന ആകാശകാഴ്ചകൾ ഒരുക്കിയും ആർപ്പുവിളിച്ചുമായിരുന്നു ആഘോഷം.
പുതുവർഷത്തെ സ്വാഗതം ചെയ്ത് നഗരത്തിലും ജില്ലയിലെ പ്രധാന പട്ടണങ്ങളിലും ജംഗ്ഷനുകളിലും വ്യാപാര സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ദീപക്കാഴ്ചകളും ഒരുക്കിയിരുന്നു. വ്യാപാര വാണിജ്യ സ്ഥാപനങ്ങളിൽ കേക്ക് മുറിച്ചും ജീവനക്കാർ ഒത്തുചേർന്ന് ആശംസകൾ ചൊരിഞ്ഞുമായിരുന്നു നവവർഷത്തെ വരവേറ്റത്. പുതുവൽസരാഘോഷം അതിരുവിടാതിരിക്കാനും ക്രമസമാധാന പാലനത്തിനുമായി ജില്ലയിലാകമാനം കനത്ത സുരക്ഷയാണ് പൊലീസും ജില്ലാ ഭരണകൂടവും ക്രമീകരിച്ചത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു സുരക്ഷാ പരിശോധന. ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിലുൾപ്പെടെ പുതുവൽസരാഘോഷ പരിപാടികൾ സംഘടിപ്പിച്ച സ്ഥലങ്ങളിലെല്ലാം പൊലീസിന്റെ നിരീക്ഷണം ശക്തമായിരുന്നു. ആലപ്പുഴ നഗരത്തിലും മാരാരി ബീച്ചിലും തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ വാഹന പരിശോധനയും കർശനമാക്കി. ലഹരി കടത്തും വിപണനവും തടയാൻ എക്സൈസും ജില്ലയിലാകമാനം പരിശോധന ശക്തമാക്കിയിരുന്നു. ബിവറേജസിന്റേതുൾപ്പെടെ മദ്യവിൽപ്പനശാലകളിലും ബാറുകളിലും ഇന്നലെ രാവിലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. വൈകുന്നേരമായപ്പോഴേക്കും ചില മദ്യശാലകൾ പൊലീസ് കാവലിലാണ് പ്രവർത്തിച്ചത്. ആലപ്പുഴയ്ക്ക് പുറമേ അരൂർ, ചേർത്തല, മുഹമ്മ, അമ്പലപ്പുഴ,തോട്ടപ്പള്ളി, കുട്ടനാട്, എടത്വ, ഹരിപ്പാട്,കായംകുളം, മാവേലിക്കര, ചെങ്ങന്നൂ, മാന്നാർ എന്നിവിടങ്ങളിലെല്ലാം രാവേറെ നീണ്ട ആഘോഷ പരിപാടികളാണ് നടന്നത്.
ബീച്ചിൽ ജനസമുദ്രം
ആലപ്പുഴ നഗരത്തിൽ ബീച്ചിലായിരുന്നു പ്രധാന കേന്ദ്രം. വൈകുന്നേരം മുതൽ കുട്ടികളുൾപ്പെടെ കുടുംബങ്ങൾ കൂട്ടംകൂട്ടമായി ആഘോഷപരിപാടികളിൽ പങ്കെടുക്കാനെത്തിയതോടെ ബീച്ച് ജനസമുദ്രമായി. പുതുവർഷത്തെ സ്വാഗതം ചെയ്ത് ആർത്തുവിളിച്ചും ആശംസകൾ ചൊരിഞ്ഞും യുവാക്കളും കുട്ടിക്കൂട്ടവും ആഘോഷത്തിന് മാറ്റുകൂട്ടി. ടൂറിസം വകുപ്പിന്റെയും നഗരസഭയുടെയും നേതൃത്വത്തിലായിരുന്നു ആഘോഷ ക്രമീകരണങ്ങൾ. കടൽ കാണാകാഴ്ചകൾക്കായി ഒരുക്കിയ എക്സിബിഷനിലും പുതുവർഷത്തലേന്ന് വൻ തിരക്കാണ് അനുഭവപ്പെട്ടത്. പറവൂർ വാടാപ്പൊഴിയിൽ പുതുവത്സര തലേന്ന് സംഘടിപ്പിച്ച പൊന്തുവള്ളംകളി ആസ്വദിക്കാനും വൻ തിരക്കാണ് അനുഭവപ്പെട്ടത്.