
അമ്പലപ്പുഴ: കടലിൽ തിരയോട് മല്ലിട്ട് അധ്വാനം വിയർപ്പാക്കി ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്കായി സംഘടിപ്പിച്ച പൊന്തു വള്ള മത്സരം ശ്രദ്ധേയമായി. അമ്പലപ്പുഴ വാടയ്ക്കൽ പ്രതിഭ കലാ സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിലാണ് പൊന്തുവള്ളം കളി ജലോത്സവം വാടക്കൽ അറപ്പപൊഴിയിൽ സംഘടിപ്പിച്ചത്. ജലോത്സവത്തിൽ 3 ട്രാക്കുകളിലായി 18 പൊന്തുവള്ളങ്ങളാണ് മാറ്റുരച്ചത്. 200 മീറ്റർ ദൂരമുള്ള ട്രാക്കുകളിലാണ് മത്സരം നടന്നത്.3 പേരടങ്ങുന്ന ഓരോ ടീമാണ് മത്സരത്തിൽ പങ്കെടുത്തത്. സെമി ഫൈനലിലും ഫൈനലിലും 3 ടീമുകൾ വീതമാണ് മത്സരിച്ചത്.പൊള്ളുന്ന വെയിലിനെ വകവെക്കാതെ കുട്ടികളടക്കം നിരവധി പേരാണ് പുതുവത്സര തലേന്ന് ഈ വ്യത്യസ്തമായ ജലോത്സവം ആസ്വദിക്കാനെത്തിയത്.