ആലപ്പുഴ: നീണ്ട പതിനേഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ പൂർവ വിദ്യാർത്ഥികൾ ഒത്തുകൂടിയപ്പോൾ വേറിട്ടൊരു സംഗമത്തിന് ആലപ്പുഴ നീലിമ വിദ്യാഭവൻ വേദിയായി. പഴയ ബികോം ക്ലാസ് മുറിയിലെ അതേ ഇരിപ്പിടങ്ങളിൽ, ഹാജർ നമ്പർ അനുസരിച്ച് ഓരോ വിദ്യാർത്ഥിയും ഇരുന്നു. പഴയ പതിവുപോലെ ഹാജർ വിളിച്ചുതന്നെ സംഗമം ആരംഭിച്ചു. ഉദ്ഘാടന ചടങ്ങാകട്ടെ കണ്ട് പരിചയിച്ച രീതികളിൽ നിന്നും വ്യത്യസ്തതയുടെ കൂട്ടുപിടിച്ചു. നീലിമ ഡയറക്ടറും പ്രധാനാദ്ധ്യാപകനുമായ സിബി ജോർജ്ജ് തോട്ടുങ്കൽ നീളൻ ചൂരൽവടികൊണ്ട് മേശപ്പുറത്ത് രണ്ട് അടി, ഒപ്പം സൈലൻസ്.... എന്ന് നീട്ടിയൊരു പറച്ചിലും. അതായിരുന്നു ഉദ്ഘാടന ചടങ്ങ്. അദ്ധ്യാപകർക്ക് മൊമന്റോ നൽകി വിദ്യാർത്ഥികൾ ആദരിച്ചു.വൈകിട്ട് യാത്ര പറഞ്ഞ് പിരിയുമ്പോഴും പറയാൻ ബാക്കിവെച്ച വിശേഷങ്ങൾ അടുത്ത കൂടിക്കാഴ്ചയിൽ പറയാമെന്ന ഉറപ്പായിരുന്നു എല്ലാവരും പങ്കുവെച്ചത്.