g-sudhakaran

ആലപ്പുഴ : സ്വന്തം നാട്ടിലെ സി.പി.എം ഓഫീസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് മുതിർന്ന നേതാവ് ജി.സുധാകരനെ ഒഴിവാക്കി. ജി.സുധാകരൻ താമസിക്കുന്ന പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് ഒഴിവാക്കപ്പെട്ടത്.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ. നാസർ അടക്കമുള്ള നേതാക്കൾ പങ്കെടുത്ത ചടങ്ങിലാണ് ജില്ലയിലെ മുതിർന്ന നേതാവിനെ ഒഴിവാക്കിയത്. ഇതിൽ പ്രതിഷേധിച്ച് ഭൂരിപക്ഷം പാർട്ടി പ്രവർത്തകരും ചടങ്ങിൽ നിന്ന് വിട്ടു നിന്നു. അതേസമയം,​ സംഭവത്തെക്കുറിച്ച് ഔദ്യോഗിക പ്രതികരണത്തിന് പാർട്ടി നേതൃത്വം തയ്യാറായിട്ടില്ല. ലോക്കൽ കമ്മറ്റി ഓഫീസിന്റെ നിർമ്മാണം അഞ്ച് മാസം മുമ്പാണ് ആരംഭിച്ചത്. നിർമ്മാണത്തോട് അനുബന്ധിച്ച് നടന്ന തറക്കല്ലിടൽ ചടങ്ങിലും ജി. സുധാകരന് ക്ഷണമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ആലപ്പുഴ എൻ.ബി.എസ് അങ്കണത്തിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ നേതൃത്വത്തെ സുധാകരൻ രൂക്ഷമായി വിമർശിച്ചിരുന്നു.