k

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപായുള്ള സെമിഫൈനൽ പോര് എന്നു വിശേഷിപ്പിക്കപ്പെട്ട രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലറിയാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ കൂട്ടിയും കിഴിച്ചും സാദ്ധ്യതകൾ വിലയിരുത്തുകയാണ് രാഷ്‌ട്രീയ കക്ഷികൾ. എല്ലാവർക്കും ആഹ്ളാദവും ഒപ്പം നിരാശയും സമ്മാനിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ് പോൾ സർവെ ഫലങ്ങൾ. ആർക്കും ഏകപക്ഷീയ വിജയം സർവെകളിലാെന്നും പ്രവചിക്കുന്നില്ല. അതിനാൽ ജയിക്കുന്ന സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്കു മാറ്റാനുള്ള നീക്കവും തുടങ്ങി!

മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ കോൺഗ്രസും ബി.ജെ.പിയും നേരിട്ടാണ് മത്സരമെങ്കിൽ തെലങ്കാനയിൽ സംസ്ഥാന രൂപീകരണം മുതൽ ഭരണത്തിലുള്ള ബി.ആർ.എസുമായി ത്രികോണ പോരാണ് കണ്ടത്. വടക്കു കിഴക്ക് മിസോറാമിൽ ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടും (എം.എൽ.എഫ്) ആറ് പ്രാദേശിക കക്ഷികൾ ലയിച്ചുണ്ടായ സെറാം പീപ്പിൾസ് മൂവ്‌മെന്റും (ഇസഡ്.പി.എം) തമ്മിലായിരുന്നു പ്രധാന മത്സരം.

നിലനിർത്തുമോ

കോൺഗ്രസ്

ഛത്തീസ്ഗഢിലൊഴികെ നാലിടത്തും ഭരണവിരുദ്ധ തരംഗം വോട്ടിംഗിനെ സ്വാധീനിച്ചെന്ന് എക്‌സിറ്റ് പോളുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഛത്തീസ്ഗഢിൽ കോൺഗ്രസിന് പൊതുവേ അനുകൂലമായ സർവെ ഫലങ്ങൾ ഭരണം മാറില്ലെന്ന സൂചന നൽകുന്നു. ഭൂപേഷ് ബഗേൽ സർക്കാരിന്റെ ജനക്ഷേമ, വികസന ഭരണത്തെ ജനം അംഗീകരിക്കുകയാണെങ്കിൽ കോൺഗ്രസിന് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അതു നൽകുന്ന ഊർജ്ജം ചെറുതാകില്ല.

തിരിഞ്ഞു

വീശുമോ?​

രാജസ്ഥാനിലും ഭരണം നിലനിർത്താനാകുമെന്ന പ്രതീക്ഷയാണ് പ്രചാരണത്തിലുടനീളം കോൺഗ്രസ് വച്ചു പുലർത്തിയത്. അശോക് ഗെലോട്ട് എന്ന അതികായനിൽ പ്രതീക്ഷയർപ്പിച്ച പാർട്ടി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വോട്ടായിമാറുമെന്ന് കരുതി. എന്നാൽ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമായി നിലനിന്ന ഭിന്നത പറഞ്ഞു പരിഹരിച്ചെങ്കിലും പാർട്ടിക്കുള്ളിൽ പുകച്ചുരുളായി ചുരുണ്ടുകൂടിയെന്നാണ് റിപ്പോർട്ടുകൾ. സച്ചിനെ സംസ്ഥാനത്ത് പ്രതിഷ്‌ഠിക്കാനുള്ള രാഹുൽ ഗാന്ധിയുടെ പദ്ധതികളെ ഗെലോട്ട് സംസ്ഥാന രാഷ്‌ട്രീയത്തിലെ കരുത്തു കൊണ്ട് വഴിമാറ്റി വിട്ടു.

കോൺഗ്രസ് സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം, മുഖ്യമന്ത്രിക്കെതിരായ ചുവന്ന ഡയറിയിലെ അഴിമതി ആരോപണം, ദളിത്- സ്‌ത്രീ പീഡന ആരോപണങ്ങൾ എന്നിവ അക്കമിട്ടു നിരത്തിയായിരുന്നു നരേന്ദ്രമോദി ബി.ജെ.പിക്കു വേണ്ടി വോട്ടു ചോദിച്ചത്. അതേസമയം മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതുമില്ല. രാജസ്ഥാനിൽ അഞ്ചു പതിറ്റാണ്ടിനിടെ 11 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 1985, 1993 വർഷങ്ങളിൽ മാത്രമാണ് ഭരണകക്ഷിക്ക് വിജയിക്കാനായത്. രണ്ടുതവണയും കോൺഗ്രസ് തിരികെയെത്തി. 2018-ൽ എക്‌സിറ്റ് പോൾ സർവെകൾ കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ചിരുന്നു.

കനത്ത

പോരാട്ടം

18 വർഷമായി ബി.ജെ.പി ഭരണത്തിലുള്ള മദ്ധ്യപ്രദേശിലെ ശക്തമായ ഭരണവിരുദ്ധ വികാരവും പാർട്ടിയിലെ പുത്തൻ ഐക്യവും ഭരണം പിടിക്കാൻ അനുകൂലഘടകമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. കനത്ത പോരാട്ടം നടന്നുവെന്ന് സൂചിപ്പിക്കുന്ന സർവെകളിൽ ബി.ജെ.പിക്ക് നേരിയ മുൻതൂക്കം കാണാം. കോൺഗ്രസ് പിന്നാക്കമെന്നും പറയാനാകില്ല.

2018- ൽ സമാനമായ എക്‌സിറ്റ് പോൾ സർവെകൾക്കു ശേഷം ഫലം വന്നപ്പോൾ 230 അംഗ സഭയിൽ കോൺഗ്രസിന് 114ഉം ബി.ജെ.പിക്ക് 109ഉം സീറ്റുകൾ. നാലു സ്വതന്ത്രരുടെയും ഒരു സമാജ്‌വാദി പാർട്ടി, രണ്ട് ബി.എസ്.പി അംഗങ്ങളുടെയും സഹായത്തോടെ കോൺഗ്രസ് സർക്കാർ രൂപീകരിച്ചു. പിന്നീട് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ നടന്ന കലാപത്തിൽ കോൺഗ്രസ് സർക്കാർ വീഴുകയും ശിവ്‌രാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുകയും ചെയ്‌തു. ഇക്കുറി ചൗഹാൻ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പു പറയാതെയാണ് ബി.ജെ.പി പ്രചാരണം നടത്തിയത്.

കോൺഗ്രസ്

പ്രതീക്ഷ

കോൺഗ്രസിനെ കോരിത്തരിപ്പിക്കുന്നതാണ് തെലങ്കാനയിലെ പ്രവചനങ്ങൾ. സംസ്ഥാന രൂപീകരണത്തിനായി ഉടലെടുത്ത ഭാരത് രാഷ്‌ട്ര സമിതിയിൽ (ബി. ആർ.എസ്)നിന്ന് അവർ ഭരണം പിടിച്ചെടുക്കുമെന്നാണ് സർവെ സൂചനകൾ. കോൺഗ്രസ് പ്രചാരണത്തിൽ നടത്തിയ മുന്നേറ്റം വോട്ടെടുപ്പിലും പ്രതിഫലിച്ചെങ്കിൽ ചരിത്രമാകും. ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ബി.ആർ.എസ് നേരിടുന്ന ഭരണവിരുദ്ധ വികാരവും അഴിമതി ആരോപണവും സ്വജനപക്ഷപാതവുമാണ് കോൺഗ്രസും ബി.ജെ.പിയും തിരഞ്ഞെടുപ്പിൽ ഉയർത്തിയത്.

2018ൽ തെലങ്കാന രാഷ്ട്ര സമിതി 119-ൽ 88 സീറ്റുകൾ നേടി വിജയിച്ചപ്പോൾ കോൺഗ്രസിന് 19 ഉം ബി.ജെ.പിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. എ.ഐ.എം.ഐ.എം ഏഴു സീറ്റിൽ ജയിച്ചു.

തൂക്കിലേക്കോ

മിസോറാം

പ്രാദേശിക കക്ഷികളുടെ ബലാബലത്തിന് സാക്ഷ്യം വഹിച്ച മിസോറാമിൽ ആർക്കും ഭൂരിപക്ഷമില്ലെന്ന് സർവെകൾ വിരൽചൂണ്ടുന്നു. 40 അംഗ അസംബ്ലിയിൽ മുഖ്യമന്ത്രി സോറാം തംഗയുടെ മിസോ നാഷണൽ ഫ്രണ്ടിനെതിരെ മുഖ്യപ്രതിപക്ഷമായ സോറാം പീപ്പിൾസ് മൂവ്‌മെന്റിന് (ഇസഡ്.പി.എം) ചില സർവെകൾ സാദ്ധ്യത നൽകുന്നുണ്ടെങ്കിലും ആർക്കും വ്യക്തമായ ആധിപത്യം പറയുന്നില്ല. തിരിച്ചുവരവിനു ശ്രമിക്കുന്ന കോൺഗ്രസിനും നിരാശയാണ്. 2018ൽ അക്കൗണ്ട് തുറന്ന ബി.ജെ.പി മുന്നേറിയില്ലെന്നും സർവെകളിൽ കാണാം. എന്നാൽ തൂക്കു സഭ വന്നാൽ ബി.ജെ.പിക്കും കോൺഗ്രസിനും സർക്കാർ രൂപീകരണത്തിൽ നിർണായക പങ്കുവഹിക്കാനുണ്ടാകും.