supreme-court

ന്യൂഡൽഹി : തമിഴ്നാട് നിയമസഭ വീണ്ടും പാസാക്കി അയച്ച പത്തു ബില്ലുകൾ ഭരണഘടനയെയും സുപ്രീംകോടതിയെയും മറികടന്ന് രാഷ്ട്രപതിക്ക് വിട്ട ഗവർണർ ഡോ. ആർ.എൻ. രവിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി.

ബില്ലുകൾ പിടിച്ചുവയ്ക്കാനാകില്ല. രണ്ടാമതും പാസാക്കി അയച്ച ബില്ലുകൾ അംഗീകരിക്കാൻ മാത്രമേ ഗവർണർക്ക് കഴിയൂ. രാഷ്ട്രപതിക്ക് വിടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പഞ്ചാബ് ഗവർണറുടെ കേസിലെ വിധി കൂടി ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമർശങ്ങൾ.തമിഴ്നാട് സർക്കാരിന്റെ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

കേന്ദ്രസർക്കാരിന്റെ നോമിനി മാത്രമാണ് ഗവർണർ. ഗവർണർ അനുമതി നിഷേധിച്ചതു കൊണ്ട് ബില്ലുകൾ ഇല്ലാതാവില്ല. അനുമതി നൽകാതെ ബില്ലുകളെ അസംബന്ധമാക്കാനും കഴിയില്ല. ഭരണഘടനയുടെ അനുഛേദം 200 പകാരം മൂന്ന് അധികാരങ്ങളേ ഗവർണർക്കുള്ളൂ. ബില്ലുകൾക്ക് അനുമതി നൽകാം,​ നിഷേധിക്കാം,​ രാഷ്‌ട്രപതിക്ക് വിടാം. നിയമസഭ രണ്ടാമതും പാസാക്കി അയച്ച ബില്ലുകൾക്ക് അനുമതി നിഷേധിക്കരുതെന്ന് അതിൽ വ്യക്തമായി പറയുന്നുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.

ഗവർണറെ ന്യായീകരിച്ച് അറ്റോർണി ജനറൽ

ബില്ലുകൾ ഗവർണർ തിരിച്ചയച്ചിരുന്നില്ലെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി സുപ്രീംകോടതിയെ അറിയിച്ചു. സമ്മതം തടഞ്ഞുവച്ചിരിക്കുകയാണെന്ന് നിയമസഭയ്ക്ക് കത്ത് നൽകി. അനുമതി നൽകാതെ ബില്ലുകളെ കൊല്ലാമെന്നാണോ പറയുന്നതെന്ന് ചീഫ് ജസ്റ്റിസ് തിരിച്ചു ചോദിച്ചു.

സമവായമുണ്ടാകണമെന്ന് ചീഫ് ജസ്റ്റിസ്


ഗവർണറും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചർച്ച നടത്തണം. ഒത്തിരി കാര്യങ്ങളിൽ പരിഹാരമുണ്ടാകണം. മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിക്കണം. കോടതിവിധി വരെ കാത്തിരിക്കേണ്ട. അറ്റോർണി ജനറൽ ഇക്കാര്യം ഗവർണറെ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഡിസംബർ 11ന് വിഷയം വീണ്ടും പരിഗണിക്കും.

ബില്ലുകൾ വൈകിപ്പിക്കാനാണ് ഗവർണറുടെ നീക്കം. എല്ലാ അധികാരങ്ങളും തന്നിൽ തന്നെ നിലനിർത്താൻ ശ്രമിക്കുന്നു.

എസ്. രഘുപതി, തമിഴ്നാട് നിയമ മന്ത്രി -