
ന്യൂഡൽഹി: 2024ൽ സി.ബി.എസ്.സി 10, 12 ക്ലാസ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് മൊത്തത്തിലുള്ള മാർക്ക്, ഡിവിഷൻ, ഡിസ്റ്റിംഗ്‌ഷൻ എന്നിവ നൽകേണ്ടതില്ലെന്ന് തീരുമാനം. ബോർഡ് മാർക്കിന്റെ ശതമാനം കണക്കാക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്യില്ലെന്നും സി.ബി.എസ്.സി ഉത്തരവിൽ അറിയിച്ചു. അഞ്ചിൽ കൂടുതൽ വിഷയങ്ങളിൽ പരീക്ഷ എഴുതുന്നുണ്ടെങ്കിൽ മാർക്ക് തീരുമാനിക്കാനുള്ള മികച്ച അഞ്ച് വിഷയങ്ങൾ നിർണയിക്കേണ്ടത് ഉയർന്ന ക്ളാസുകളിൽ പ്രവേശനം നൽകുന്ന സ്ഥാപനങ്ങളോ, വിദ്യാർത്ഥിയെ റിക്രൂട്ട് ചെയ്യുന്ന തൊഴിലുടമയോ ആണെന്നും ഉത്തരവിൽ പറയുന്നു.
ഉന്നതവിദ്യാഭ്യാസത്തിനോ ജോലിയിലോ മാർക്കിന്റെ ശതമാനം ആവശ്യമാണെങ്കിൽ, അതും സ്ഥാപനത്തിനോ തൊഴിലുടമയ്‌ക്കോ നിർണയിക്കാം. വിദ്യാർത്ഥികളുടെ ശതമാനം കണക്കാക്കുന്നതിനുള്ള മാനദണ്ഡം അറിയിക്കാൻ ഉദ്യോഗാർത്ഥികളിൽ നിന്ന് നിരവധി അപേക്ഷ ലഭിച്ചതിനെ തുടർന്നാണ് സി.ബി.എസ്.ഇ പുതിയ ഉത്തരവിറക്കിയത്.
2024ലെ ബോർഡ് പരീക്ഷകളുടെ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു. തിയറി പരീക്ഷകൾ ഫെബ്രുവരി രണ്ടാം വാരം തുടങ്ങുമെന്നാണ് സൂചന.
എം.ബി.ബി.എസ്: ആദ്യവർഷം പാസാവാൻ 5 ചാൻസ്
തിരുവനന്തപുരം: എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് ആദ്യവർഷത്തെ പരീക്ഷ പാസാവാൻ 5 ചാൻസ് അനുവദിക്കാൻ ഡൽഹിയിൽ ചേർന്ന ദേശീയ മെഡിക്കൽ കമ്മിഷൻ യോഗം തീരുമാനിച്ചു. കേരളത്തിലടക്കം നിരവധി വിദ്യാർത്ഥികൾ ഈ ആവശ്യമുന്നയിച്ച് കോടതിയെയും കമ്മിഷനെയും സമീപിച്ചിരുന്നു. ഇതേത്തുടർന്നാണ് 2019 ബാച്ചുകാർക്ക് നൽകിയിരുന്ന ആനുകൂല്യം 2020 ബാച്ചുകാർക്കും നൽകിയത്. കൊവിഡ് കാലത്ത് പ്രവേശനം നേടിയതാണെന്ന പരിഗണനയിലാണ് 5ചാൻസ് നൽകുന്നത്. 5ചാൻസിൽ വിജയിച്ചില്ലെങ്കിൽ കോഴ്സിൽ നിന്ന് പുറത്താവും. നേരത്തേ ഇത് നാല് ചാൻസായിരുന്നു.