
ന്യൂഡൽഹി: റവന്യൂ രേഖകൾ തിരുത്താനും നികുതി അടയ്‌ക്കാനും ഉത്തരവിടാൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. വർക്കലയിലെ ഒരു വസ്തുവിന്റെ റവന്യൂ രേഖകളിലെ പിഴവ് തിരുത്താൻ തഹസിൽദാരോട് നിർദ്ദേശിച്ച ഉപ ലോകായുക്തയുടെ ഉത്തരവ് തള്ളിയാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, രാജേഷ് ബിന്ദാൽ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്. പരാതിക്കാരനിൽ നിന്ന് നികുതി പിരിക്കാനും ലോകായുക്ത നിർദ്ദേശിച്ചിരുന്നു. ഇതിനെതിരായ അഡീഷണൽ തഹസിൽദാരുടെ അപ്പീൽ ഹൈക്കോടതി തള്ളിയിരുന്നു. അത് ചോദ്യം ചെയ്‌താണ് സുപ്രീംകോടതിയെ സമീപിച്ചത്.
റവന്യൂ രേഖകൾ തിരുത്താനും നികുതി സ്വീകരിക്കാനുമുള്ള ഉത്തരവ് ഉപലോകായുക്തയുടെ അധികാരപരിധിയിൽ പെടില്ലെന്ന് സുപ്രീംകോടതി കണ്ടെത്തി.
1999 ലെ ലോകായുക്ത നിയമത്തിലെ 12(1) വകുപ്പ് പ്രകാരം ലോകായുക്തയ്ക്ക് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ അധികാരമില്ല. അധികാരികൾക്ക് ശുപാർശകൾ സമർപ്പിക്കാനെ കഴിയൂ.