j

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രീയ നേതാവും പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയിൽ നിന്ന് രാഷ്‌ട്രീയം കണ്ടുപഠിച്ച മുൻ ഐ.പി.എസുകാരനിലാണ് മിസോ ദേശീയതാ വികാരത്തിന് പ്രാമുഖ്യമുള്ള മിസോറാമിന്റെ ഭാവി പ്രതീക്ഷ. സെർച്ചിപ്പ് മണ്ഡലത്തിൽ നിന്ന് 2,982 വോട്ടുകൾക്ക് വിജയിച്ച എഴുപത്തിമൂന്നുകാരനായ ലാൽദുഹോമയുടെ സൊറാംഗ് പ്യൂപ്പിൾസ് മൂവ്‌മെന്റ് (ഇസഡ്.പി.എം) ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിനെ തികച്ചും അരികിലാക്കിയാണ് മിസോറാമിൽ അധികാരത്തിലേറുന്നത്. തേരോട്ടത്തിൽ മുഖ്യമന്ത്രി സോറാംതംഗയും വീണു. മിസോറാം മുഖ്യമന്ത്രിമാർ ഇതുവരെ കോൺഗ്രസുകാരോ എം.എൽ.എഫുകാരോ ആയിരുന്നു.


ലാൽദുഹോമയുടെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് മിസോറാമിലെ ആദ്യ മുഖ്യമന്ത്രി സി. ചുഹുംഗയുടെ ഓഫീസിൽ പ്രിൻസിപ്പൽ അസിസ്റ്റന്റായി. ഷില്ലോംഗിലെ നോർത്ത് ഈസ്റ്റ് ഹിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എ ഈവനിംഗ് കോഴ്സ് ബിരുദം പൂർത്തിയാക്കിയ അദ്ദേഹം 1977 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായി. കള്ളക്കടത്തുകാരെയും ഹിപ്പികളെയും ഒതുക്കാനുള്ള പ്രത്യേക ദൗത്യവുമായി ഗോവയിൽ ആദ്യ നിയമനം. 1982ൽ ഡൽഹിയിലേക്ക് സ്ഥലംമാറ്റം കിട്ടിയപ്പോൾ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതലക്കാരനായി. ഇന്ദിരയുടെ രാഷ്‌ട്രീയജീവിതം അടുത്തറിയാൻ അവസരം ലഭിച്ചത് അങ്ങനെ. 1982ലെ ഡൽഹി ഏഷ്യാഡ് സംഘാടക സമിതി സെക്രട്ടറിയുമായിരുന്നു. സംഘാടക സമിതിയുടെ അദ്ധ്യക്ഷനായ രാജീവ് ഗാന്ധിയുമായും അടുത്ത ബന്ധം പുലർത്തി.

ഐ.പി.എസിന്

ഗുഡ്ബൈ

ഇരുപതു വർഷത്തെ മിസോ കലാപത്തിനു ശേഷം 1986-ൽ എം.എൻ.എഫ് നേതാവ് ലാൽഡെംഗയുടെ നേതൃത്വത്തിൽ മിസോ കരാർ ഒപ്പുവെച്ചതിനു പിന്നിലും ലാൽദുഹോമയുടെ കൈകളുണ്ട്. ഇന്ദിരയുടെ നിർദ്ദേശാനുസരണം അദ്ദേഹം ലണ്ടനിൽ ലാൽഡെഗയുമായി ചർച്ചകൾ നടത്തിയിരുന്നു. 1984-ൽ സർവീസിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. മിസോറാം പി.സി.സി അദ്ധ്യക്ഷനായി. ഇന്ദിരയുടെ മരണത്തെ തുടർന്നു നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മിസോറാമിൽ നിന്ന് ജയിച്ചു. ഇന്ദിരയുടെ അഭാവത്തിൽ കോൺഗ്രസ് നേതൃത്വവുമായി അകന്ന അദ്ദേഹം മിസോറാം നയങ്ങളുടെ പേരിൽ പാർട്ടി വിടുകയും ചെയ്‌തു.

രാജിയെ തുടർന്ന് 1988 നവംബർ 24ന് -ൽ കൂറുമാറ്റ നിരോധന നിയമപ്രകാരം ലോക്‌സഭയിൽ നിന്ന് പുറത്തായി. കൂറുമാറ്റ നിരോധന നിയമത്തിൽ കുരുങ്ങി പുറത്താകുന്ന ആദ്യ നേതാവ്. 1986ൽ രൂപീകരിച്ച മിസോ നാഷണൽ യൂണിയൻ (എം.എൻ.യു) പിന്നീട് മിസോറാം പ്യൂപ്പിൾസ് കോൺഫറൻസിൽ ലയിച്ചു. 1997ൽ മിസോറാം സമാധാന കരാർ ഒപ്പിടലിനു പിന്നാലെ മിസോ നാഷണൽ ഫ്രണ്ടിന്റെ ഉപദേശകൻ. സോറാം നാഷണലിസ്റ്റ് പാർട്ടി രൂപീകരിച്ച് 2003-ൽ എം.എൽ.എയായി.

സ്വതന്ത്രനെന്ന

പുലിവാൽ


2017-ൽ ആറ് ചെറിയ പ്രാദേശിക പാർട്ടികളുടെയും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെയും ഒരു പൊതു പ്ലാറ്റ്‌ഫോമായി തുടങ്ങിയ ഇസഡ്.പി.എമ്മിൽ സൊറാം നാഷണലിസ്റ്റ് പാർട്ടിയും ചേർന്നു. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇസഡ്.പി.എമ്മിന് അംഗീകാരം ലഭിക്കാത്തതിനാൽ ലാൽദുഹോമയും 38 നേതാക്കളും സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് മത്സരിച്ചത്. എട്ടുപേർ ജയിച്ച് നിയമസഭയിലെ രണ്ടാമത്തെ വലിയ കക്ഷിയായി. സേർച്ചിപ്പിൽ കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ലാൽ തൻഹവാലയെ തോൽപ്പിച്ച ലാൽദുഹോമ പ്രതിപക്ഷ നേതാവുമായി.

2019-ലാണ് ഇസഡ്.പി.എമ്മിന് തിരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരം ലഭിക്കുന്നത്. പാർട്ടി നേതാവായ ആൾ സ്വതന്ത്ര എം.എൽ.എ ആയി പ്രവർത്തിക്കുന്നത് കൂറുമാറ്റ നിയമ പ്രകാരം തെറ്റാണെന്ന എം.എൻ.എഫിന്റെ പരാതി അംഗീകരിച്ച സ്‌പീക്കർ 2020 നവംബറിൽ ലാൽദുഹോമയെ അയോഗ്യനാക്കി. 2021-ൽ ഉപതിരഞ്ഞെടുപ്പിൽ ജയിച്ച് സെർച്ചിപ്പിൽ നിന്ന് വീണ്ടും സഭയിലേക്ക്.

മിസോ എന്ന

മുദ്രാവാക്യം

എം.എൽ.എഫിനെപ്പോലെ മിസോ വികാരമാണ് ഇസഡ്.പി.എമ്മിന്റെയും മുദ്രാവാക്യം. മണിപ്പൂരിലെ കുക്കി-സോമികൾ ഉൾപ്പെടുന്ന സോ വംശീയ വിഭാഗങ്ങളുടെ ഏകീകരണത്തിനായും വാദിക്കുന്നു. അയൽരാജ്യങ്ങളായ മ്യാൻമറിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള ചിൻ അഭയാർത്ഥികൾക്ക് ലാൽദുഹോമയ്‌ക്ക് കീഴിൽ അഭയമുറപ്പാണ്.

അഴിമതിവിരുദ്ധ നയങ്ങളാകും താൻ നടപ്പാക്കുകയെന്ന് ലാൽദുഹോമ പറയുന്നു. യുവാക്കൾക്ക് കൂടുതൽ അവസരം നൽകുന്ന നേതാവാണ്. ഇസഡ്.പി.എം സ്ഥാനാർത്ഥികളിൽ പകുതിയും അൻപതു വയസിൽ താഴെയുള്ളവരായിരുന്നു. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ചിട്ടകളും സ്വഭാവഗുണങ്ങളും സൂക്ഷിക്കുന്നതിനാൽ ക്രിമിനൽ കുറ്റങ്ങളില്ലാത്ത നേതാവ്. മിസോ ദേശീയതയ്‌ക്കൊപ്പം ഇന്ത്യൻ ദേശീയതയെ സമന്വയിപ്പിക്കാൻ മുൻ ഐ.പി.എസ് ഓഫീസർക്കു സാധിക്കുമോ എന്ന് കാത്തിരുന്നു കാണാം.