nimisha-priya

ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് എങ്ങനെ ഇടപെടാനാകുമെന്ന് കേന്ദ്രസർക്കാർ 11ന് ഡൽഹി ഹൈക്കോടതിയെ അറിയിക്കണം. അമ്മ പ്രേമകുമാരിക്കും, സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗങ്ങൾക്കും യെമനിലേക്ക് പോകാൻ അനുമതി നൽകാൻ കഴിയില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇക്കാര്യത്തിൽ പുനഃപരിശോധന സാദ്ധ്യമാണോയെന്നും ഹൈക്കോടതിയെ അറിയിക്കണം. കോടതിക്കേ തങ്ങളെ സഹായിക്കാൻ കഴിയുകയുള്ളുവെന്ന് പ്രേമകുമാരി അഭ്യർത്ഥിച്ചു.

സുരക്ഷാ പ്രശ്നമുള്ളതിനാൽ അനുമതി നൽകാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചു. സനയിൽ വിമതരാണ് ഭരിക്കുന്നത്. അവിടെ ഇന്ത്യൻ എംബസിയില്ല. ജീബൂട്ടി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. സനയിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ സഹായിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും കേന്ദ്രം വ്യക്തമാക്കി. സനയിലെ എയർലൈൻ കമ്പനി സി.ഇ.ഒ ആയ തമിഴ്നാട്ടുകാരൻ സാമുവേൽ ജെറോം സഹായിക്കാൻ തയ്യാറാണെന്ന് നിമിഷ പ്രിയയുടെ അമ്മ അറിയിച്ചു. ബ്ലഡ് മണി നൽകി യെമൻ പൗരന്റെ കുടുംബവുമായി ഒത്തുതീർപ്പുണ്ടാക്കാനാണ് ബന്ധുക്കളുടെയും ആക്ഷൻ കൗൺസിലിന്റെയും ശ്രമം.