
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ച് നാലു വർഷത്തിനുള്ളിൽ മൃഗീയ ഭൂരിപക്ഷത്തിൽ മിസോറാമിന്റെ ഭരണം പിടിച്ച് സൊറാം പ്യൂപ്പിൾസ് മൂവ്‌മെന്റ് (ഇസഡ്.പി.എം). ആകെയുള്ള 40ൽ 27 സീറ്റുമായാണ് കുതിപ്പ്.
ഇസഡ്.പി.എം നേതാവ് 73 കാരനായ മുൻ ഐ.പി.എസ് ഓഫീസർ ലാൽദുഹോമ ഇന്ന് ഗവർണർ ഹരി ബാബു കമ്പംപതിയെ കണ്ട് മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കും. 1984ന് ശേഷം ആദ്യമായാണ് കോൺഗ്രസോ എം.എൻ.എഫോ അല്ലാതൊരു പാർട്ടി അധികാരത്തിലെത്തുന്നത്.
ഭരണത്തിലിരുന്ന മിസോ നാഷണൽ ഫ്രണ്ട് (എം.എൻ.എഫ്), ബി.ജെ.പി, കോൺഗ്രസ് എന്നിവരെ കാഴ്‌ചക്കാരാക്കിയാണ് ഇസഡ്.പി.എം സംസ്ഥാനം തൂത്തുവാരിയത്. എക്‌സിറ്റ് പോൾ ശരിവയ്‌ക്കും വിധം വോട്ടെണ്ണൽ തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ കേവല ഭൂരിപക്ഷമായ 21 സീറ്റിനു മേൽ ലീഡു നേടി. 2018ൽ എട്ടു സീറ്റുമാത്രമുണ്ടായിരുന്ന ഇസഡ്.പി.എം കുതിപ്പിൽ എം.എൻ.എഫ് 10സീറ്റിലൊതുങ്ങി. 2018ൽ കോൺഗ്രസിൽ നിന്ന് അധികാരം പിടിച്ചത് 26 സീറ്റുകൾ നേടിയിരുന്നു.
മുഖ്യമന്ത്രി സൊറാംതാംഗയും ഉപമുഖ്യമന്ത്രി തോൻലൂയിയയും പരാജയപ്പെട്ടു. നാലു സീറ്റുണ്ടായിരുന്ന കോൺഗ്രസ് ഒന്നിലേക്ക് കുപ്പുകുത്തി(മത്സരിച്ചത് 40 സീറ്റിൽ). ബി.ജെ.പി ഒന്നിൽ നിന്ന് രണ്ടായി സീറ്റ് വർദ്ധിപ്പിച്ചു.
പ്രാദേശിക വിഷയങ്ങൾ അരങ്ങുവാഴുന്ന മിസോറാമിൽ മണിപ്പൂരിലെ വംശീയ കലാപവും തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തി.
കോൺഗ്രസിലൂടെ വന്ന
മുൻ ഐ.പി.എസുകാരൻ
ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന 1977 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ലാൽദുഹോമ. കോൺഗ്രസിലൂടെയാണ് രാഷ്‌ട്രീയത്തിലെത്തിയത്. കോൺഗ്രസ് ലോക്‌സഭാംഗമായിരിക്കെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനായി. 2018ൽ സ്വതന്ത്ര എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇസഡ്.പി.എം ഭാരവാഹിയായതിന്റെ പേരിലും അയോഗ്യനായി. 2021 ഉപതിരഞ്ഞെടുപ്പിൽ ജയിച്ചെത്തി. ആറു പ്രാദേശിക പാർട്ടികൾ ലയിച്ചുണ്ടായ ഇസഡ്.പി.എമ്മിന് 2019ലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകാരം നൽകിയത്. എട്ടു സീറ്റുമായി മുഖ്യപ്രതിപക്ഷമായിരുന്നു. മുനിസിപ്പൽ, ഗ്രാമ കൗൺസിൽ തിരഞ്ഞെടുപ്പുകളിലും മുന്നേറിയിരുന്നു.
വോട്ടിംഗ് ശതമാനം:
ഇസഡ്.പി.എം: 37.86%
(2018ൽ 22.9%)
എം.എൻ.എഫ്: 35.10%
(2018ൽ 37.7%)
കോൺഗ്രസ്: 20.82%
(2018ൽ 29.98%)
ബി.ജെ.പി: 5.06%
(2018ൽ 8.09%)