
ന്യൂഡൽഹി: കോൺഗ്രസിനെ തറപറ്റിച്ച വിജയത്തിനുശേഷം ശേഷം രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരെ കണ്ടെത്താൻ സജീവ ചർച്ചയിൽ ബി.ജെ.പി. അതേസമയം, തെലങ്കാനയിൽ ആദ്യ കോൺഗ്രസ് സർക്കാരിനെ ആരു നയിക്കുമെന്ന കാര്യത്തിലും തീരുമാനമായില്ല.
മദ്ധ്യപ്രദേശിൽ 2003ന് ശേഷമുള്ള മികച്ച വിജയം നേടിയതിന്റെ ക്രെഡിറ്റ് നൽകി ശിവരാജ് സിംഗ് ചൗഹാന് ഒരു വട്ടംകൂടി മുഖ്യപദം നൽകണമെന്ന ആവശ്യത്തിനാണ് മുൻതൂക്കം. എന്നാൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ, സംഘടനാ ബലം കൊണ്ട് ജയിച്ച സാഹചര്യത്തിൽ പുതുമുഖം വേണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
ചൗഹാനെപ്പോലെ സാദ്ധ്യതയുള്ളത് ഒ.ബി.സിക്കാരനായ പ്രഹ്ലാദ് പട്ടേലിനാണ്. ജനപ്രീതിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുപ്പം സാദ്ധ്യത നൽകുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര തോമർ എന്നിവരാണ് സാദ്ധ്യതാ പട്ടികയിലെ മറ്റു രണ്ടുപേർ.
രാജസ്ഥാനിൽ, രണ്ട് തവണ മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെ വീണ്ടും അവകാശവാദം ഉന്നയിച്ചെന്നാണ് അറിയുന്നത്. എന്നാൽ കേന്ദ്ര നേതൃത്വം വ്യക്തമായ മറുപടി നൽകിയിട്ടില്ല. പ്രധാനമന്ത്രിയുടെ വിശ്വസ്‌തനായ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനും തുല്യസാദ്ധ്യത കല്പിക്കുന്നു. തിജാരയിൽ നിന്ന് വിജയിച്ച സന്ന്യാസി അൽവാർ ബാബ, രാജകുടുംബാംഗം ദിയാകുമാരി എന്നിവരെ കേന്ദ്രീകരിച്ചും ചർച്ചകൾ സജീവം.
ഛത്തീസ്ഗഢിൽ മുൻ മുഖ്യമന്ത്രി രമൺ സിംഗിനെ തഴയുമെന്ന സൂചന ശക്തം. ആദിവാസി നേതാവ് സർഗുജ ഷോ, മുൻ കേന്ദ്രമന്ത്രിയും സംസ്ഥാന ബി.ജെ.പി അധ്യക്ഷനുമായ വിഷ്ണു ദേവ് സായി എന്നിവരുടെ പേരുകൾക്കാണ് ഇപ്പോൾ മുൻതൂക്കം.
തെലങ്കാനയിൽ
രേവന്ത് യുഗമോ
കോൺഗ്രസ് കേവല ഭൂരിപക്ഷം നേടിയ തെലങ്കാനയിൽ പി.സി.സി അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡിക്കാണ് ഏറെ സാദ്ധ്യത. എന്നാൽ, നിയമസഭാ കക്ഷി നേതാവായിരുന്ന മല്ലു ഭട്ടി വിക്രമാർക്കയും സജീവ പരിഗണനയിലുണ്ട്. പി.സി.സി അധ്യക്ഷനായിരുന്നു ഉത്തംകുമാർ റെഡ്ഡിയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ശക്തമാണ്. ഹൈക്കമാൻഡിന്റേതാകും അന്തിമ തീരുമാനം.
എ.ഐ.സി.സി നിരീക്ഷകരായി കെ.മുരളീധരനും പി.സി വിഷ്ണുനാഥും അടക്കം നേതാക്കളാണ ്ചർച്ചയ്ക്ക് നേതൃത്വം നൽകുന്നത്. പാർട്ടിയെ ചാരത്തിൽ നിന്ന് ഭരണത്തിലേക്കുയർത്തിയ രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയാക്കി, ദളിതനായ മല്ലുഭട്ടിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകുമെന്നാണറിയുന്നത്. കർണാടക ഉപമുഖ്യമന്ത്രിയും കിംഗ് മേക്കറുമായ ഡി.കെ ശിവകുമാറിന്റെ പിന്തുണയും രേവന്തിനാണ്.