nirmala-sitharaman

ന്യൂഡൽഹി: രാജ്യത്താകമാനം പ്രാബല്യത്തിലുളള പൊതു നിബന്ധനകളിൽ ഇളവു വരുത്തി കേരളത്തിന്റെ വായ്പാ പരിധി വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ ലോകസഭയിൽ എൻ.കെ.പ്രേമചന്ദ്രനെ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വായ്പാ പരിധി വർദ്ധിപ്പിക്കാൻ ഇളവു നൽകുമോയെന്ന ചോദ്യത്തിനുള്ള മറുപടിയിലാണിത്.

ധനകാര്യ കമ്മിഷന്റെ പൊതുമാദണ്ഡ പ്രകാരമാണ് എല്ലാ സംസ്ഥാനങ്ങൾക്കും വായ്പാ പരിധി നിശ്ചയിച്ചിട്ടുളളത്. 2023-24 സാമ്പത്തിക വർഷത്തിലെ കേരളത്തിന്റെ മൊത്ത വായ്പാ പരിധി 47762.58 കോടിയാണ്. അതിൽ 29136.71 കോടി പൊതു വിപണി വായ്പ പരിധിയാണ്. ബാക്കി മറ്റ് സ്രോതസ്സുകളിൽ നിന്നുള്ളതും.പൊതു വിപണിയിൽ നിന്നും കടമെടുക്കാനുളള പരിധിയിൽ 23,852 കോടിയുടെ വായ്പ എടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. മറ്റ് സ്രോതസ്സുകളിൽ നിന്നുളള വായ്പ സംസ്ഥാന സർക്കാരിന്റെ സമയാസമയങ്ങളിലുളള ആവശ്യസപ്രകാരം എടുക്കാവുന്നതാണ്.

2021-2022 സാമ്പത്തിക വൽഷത്തിൽ മൊത്ത ആഭ്യന്തര ചരക്കു സേവന ഉൽപ്പാദനത്തിന്റെ 4 ശതമാനവും, 2022-2023 സാമ്പത്തിക വർഷം 3.5 ശതമാനവും തുക വായ്പാ പരിധിയിൽ നിന്നും അധികമായി അനുവദിച്ചു. പുതിയ പെൻഷൻ സ്കിമിലെ സംസ്ഥാന സർക്കാരിന്റെയും ജീവനക്കാരുടെയും വിഹിതത്തിന് തുല്യമായ 3,511 കോടിയും നൽകിയിട്ടുണ്ട്.

ഊർജ്ജ മേഖലയിലെ മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിനായി 2021-2022ൽ 4060 കോടിയും, 2022-2023 ൽ 4263 കോടിയും അധികമായി വായ്പ അനുവദിച്ചിട്ടുണ്ട്. 2023-24ലും ഊർജ്ജ മേഖലയ്ക്കായി സമാനമായ അധിക വായ്പാ പരിധി നൽകിയിട്ടുണ്ട്. 2023 നവംബർ വരെയുളള കാലയളവിൽ 2021-22, 2023-24ലെ റവന്യു കമ്മി ഗ്രാൻഡായി 36231 കോടിയും അനുവദിച്ചിട്ടുണ്ട്.