p

ന്യൂഡൽഹി: ഭരണവിരുദ്ധ തരംഗം ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ മറികടക്കാമെന്ന് ബി.ജെ.പി തെളിയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ നിരാശ പാർലമെന്റിൽ തീർക്കാൻ ശ്രമിക്കരുതെന്ന് കോൺഗ്രസിന് പരിഹാസവും രക്ഷപ്പെടാൻ ഉപദേശവും. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് ജയത്തിന്റെ വീരപരിവേഷവുമായി വന്ന പ്രധാനമന്ത്രിയെ ലോക്‌സഭയിൽ മൂന്നാം വട്ടം മോദി എന്ന മുദ്രാവാക്യത്തോടെയാണ് പാർട്ടി എം.പിമാർ വരവേറ്റത്.

പ്രതിപക്ഷം സമീപനം മാറ്റണം. എതിർപ്പിന് വേണ്ടി മാത്രമുള്ള ഏറ്റുമുട്ടൽ മനോഭാവം മാറ്റിവച്ച് രാജ്യത്തിന്റെ നേട്ടത്തിനായി ക്രിയാത്മക സംഭാവന ചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്ത് വികസന ലക്ഷ്യം നടപ്പാക്കാൻ ഒന്നിച്ചു പോകാം.

സ്ത്രീകൾ, ഗ്രാമവാസികൾ, ചെറുപ്പക്കാർ, കർഷകർ തുടങ്ങി പ്രധാന വിഭാഗങ്ങളെ ശാക്തീകരിക്കുകയും ശോഭനമായ ഭാവി ഉറപ്പാക്കുകയും ചെയ്യുന്നവർക്ക് ശക്തമായ പിന്തുണ ലഭിക്കുമെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിച്ചു. ജനക്ഷേമം ലക്ഷ്യമിട്ടുള്ള നല്ല ഭരണം കാഴ്‌ചവയ്‌ക്കുമ്പോൾ ഭരണവിരുദ്ധ വികാരം എന്ന പ്രയോഗം അപ്രസക്തമാകും.

തിരഞ്ഞെടുപ്പ് ഫലങ്ങൾ വിശകലനം ചെയ്യാൻ ആവശ്യത്തിന് സമയമുണ്ട്. തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് പോസിറ്റീവായി മുന്നോട്ട് പോകുക. അങ്ങനെ ചെയ്യുമ്പോൾ അവരോടുള്ള രാജ്യത്തിന്റെ കാഴ്ചപ്പാട് മാറി പുതിയ വാതിൽ തുറന്നേക്കാം. സർക്കാർ നല്ല തീരുമാനങ്ങളുടെ പത്ത് ചുവടുകൾ വയ്‌ക്കുമ്പോൾ പ്രതിപക്ഷം പന്ത്രണ്ട് ചുവടുകളെങ്കിലും എടുക്കണം.

എല്ലാവരുടെയും ഭാവി ശോഭനമാണ്. നിരാശയുടെ ആവശ്യമില്ല. പക്ഷേ, പരാജയത്തിന്റെ നിരാശ സഭയിൽ പ്രകടിപ്പിക്കരുത്. ജനാധിപത്യത്തിന്റെ ഈ ക്ഷേത്രത്തെ നിരാശ പ്രകടിപ്പിക്കാനുള്ള വേദിയാക്കി മാറ്റരുത്.

മഹുവയ്‌ക്കെതിരായ റിപ്പോർട്ട് ഇന്ന്

തൃണമൂൽ എംപി മഹുവ മൊയ്‌ത്രയ്‌ക്കെതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ലോക്‌സഭയിൽ ഇന്ന് പരിഗണിച്ചേക്കും. അതിനിടെ ബി.ജെ.പി അംഗം രമേശ് ബിദുരിയുടെ അധിക്ഷേപ പ്രസംഗത്തിനെതിരെ നടപടി ഇല്ലാത്തതിനെതിരെ ബി.എസ്.പി എംപി ഡാനിഷ് അലി നടത്തിയ ഒറ്റയാൾ പ്രതിഷേധം രാവിലെ ലോക്‌സഭാ നടപടികൾ തടസപ്പെടുത്തി. 12മണിവരെ സഭ നിർത്തിവച്ചു.

ഛദ്ദയുടെ സസ്‌പെൻഷൻ പിൻവലിച്ചു

രാജ്യസഭാംഗം ആംആദ്‌മി പാർട്ടി എം.പി രാഘവ് ഛദ്ദയുടെ സസ്‌പെൻഷൻ പിൻവലിച്ചു. ഡൽഹി (ഭേദഗതി) ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയത്തിൽ ബി.ജെ.പി എം.പിമാരുടെ പേര് അവരുടെ അനുമതിയില്ലാതെ ചേർത്തതിന്റെ പേരിൽ കഴിഞ്ഞ ആഗസ്റ്റിലാണ് സസ്‌പെൻഡ് ചെയ്‌തത്. സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഛദ്ദ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് രാജ്യസഭാ അദ്ധ്യക്ഷനോട് മാപ്പു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ പിൻ വലിച്ചത്. ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിനം രാജ്യസഭ തപാൽ ഭേദഗതി ബില്ലും ലോക്‌സഭ അഭിഭാഷക ഭേദഗതി ബില്ലും പാസാക്കി.