ന്യൂഡൽഹി:മുതലപ്പൊഴി ഫിഷിംഗ് ഹാർബർ നവീകരണത്തിന് കേന്ദ്ര സഹായം ആവശ്യപ്പെട്ട് കേരളം സമർപ്പിച്ച 50 കോടി രൂപയുടെ നിർദ്ദേശം അപര്യാപ്തമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പുരുഷോത്തം റുപാല ലോക്‌സഭയിൽ അടൂർ പ്രകാശ് എം.പിയെ അറിയിച്ചു.
ഹാർബറിനോട് ബന്ധപ്പെട്ട റോഡ്, പാർക്കിംഗ് ഏരിയ, കെട്ടിടങ്ങൾ, കോൾഡ് സ്റ്റോറേജ് തുടങ്ങിയവയുടെ നിർമ്മാണത്തിനും സൗന്ദര്യവത്ക്കരണത്തിനുമാണ് കേരളം ഊന്നൽ നൽകിയത്. ഹാർബറിലെ സുരക്ഷിതത്വ പ്രശ്നങ്ങൾ സംബന്ധിച്ച് പൂനെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷന്റെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചില്ല. അവയും ചേർക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
അപകടങ്ങൾ പതിവായതോടെ കഴിഞ്ഞ ജൂലായിൽ മൂന്നംഗ കേന്ദ്രസംഘം മുതലപ്പൊഴി സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഹാർബറിലെ സുരക്ഷിതത്വം ഉറപ്പാക്കാൻ വിഴിഞ്ഞം പോർട്ടിന്റെ കരാറെടുത്ത ഏജൻസിക്ക് നിർദ്ദേശം നൽകിയെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഹാർബറിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചെന്ന കേരളത്തിന്റെ മറുപടി വസ്തുതാ വിരുദ്ധമാണെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. ആറ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ തന്റെ എം.പി ഫണ്ടിൽ നിന്ന് തുക അനുവദിച്ചിട്ടുണ്ട്. ഭരണാനുമതി ലഭിച്ചാൽ ഉടൻ ലൈറ്റുകൾ സ്ഥാപിക്കും.