
ന്യൂഡൽഹി: കുറ്റവാളികളായ നേതാക്കളെ അയോഗ്യരാക്കുന്നത് തടയാൻ 2013ൽ യു.പി.എ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് രാഹുൽ ഗാന്ധി പത്രസമ്മേളനത്തിൽ കീറിയെറിഞ്ഞത് അന്ന് രാഷ്‌ട്രപതിയായിരുന്ന പ്രണബ് മുഖർജിയെ വേദനിപ്പിച്ചെന്ന് മകൾ ശർമിഷ്‌ഠ മുഖർജിയുടെ വെളിപ്പെടുത്തൽ. ശർമിഷ്ഠയുടെ ഉടനിറങ്ങുന്ന 'ഇൻ പ്രണബ്, മൈ ഫാദർ: എ ഡോട്ടർ റിമെംബേഴ്‌സ്' എന്ന പുസ്‌തകത്തിലാണ് കോൺഗ്രസിലെ അന്തർ നാടകങ്ങൾ വിവരിക്കുന്നത്. രാഹുൽ ഗാന്ധി ഓർഡിനൻസ് കീറിയത് യു.പി.എയുടെ ശവപ്പെട്ടിയിലെ അവസാന ആണിയാണെന്ന് പ്രണബ് പറഞ്ഞതായും പുസ്തകത്തിലുണ്ട്. 2013 ജൂലായ് 15ന് രാഹുൽ ഗാന്ധി ഉച്ചഭക്ഷണത്തിന് വന്നു. പാർട്ടിയെ നവീകരിക്കാനുള്ള പദ്ധതികൾ അദ്ദേഹം വിശദീകരിച്ചു. വെല്ലുവിളികളെ അതിജീവിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. രണ്ട് മാസത്തിന് ശേഷം രാഹുൽ ചെയ്യാൻ പോകുന്നത് തന്റെ പിതാവിന് അറിയില്ലായിരുന്നു.
അജയ് മാക്കന്റെ വാർത്താ സമ്മേളനത്തിലേക്ക് കടന്നുചെന്ന് രാഹുൽ ഗാന്ധി ഒാർഡിനൻസ് കീറിയെന്ന് കേട്ടപ്പോൾ പ്രണബ് മുഖർജിക്ക് നിയന്ത്രണം വിട്ടു: "അയാൾ ആരാണെന്നാണ് കരുതുന്നത്? അദ്ദേഹം മന്ത്രിസഭയിൽ അംഗമല്ല. മന്ത്രിസഭാ തീരുമാനം പരസ്യമായി ചവറ്റുകൊട്ടയിലിടാൻ അയാൾ ആരാണ്? പ്രധാനമന്ത്രി മൻമോഹൻ സിംഗ് വിദേശത്താണ്. ചെയ്‌തതിന്റെ അനന്തരഫലവും അത് പ്രധാനമന്ത്രിയിലും സർക്കാരിലും ഉണ്ടാക്കുന്ന പ്രത്യാഘാതവും അദ്ദേഹം മനസ്സിലാക്കുന്നില്ലേ? പ്രധാനമന്ത്രിയെ അപമാനിക്കാൻ അദ്ദേഹത്തിന് എന്ത് അവകാശമാണുള്ളതെന്നും പ്രണബ് ചോദിച്ചു.
2014ൽ യു.പി.എ തോറ്റതിന്റെ ഒരു കാരണം ഓർഡിനൻസ് കീറൽ ആണെന്ന് പ്രണബ് പറഞ്ഞിരുന്നു. പ്രധാനമന്ത്രിയെ ബഹുമാനിക്കാത്ത ഒരു സർക്കാരിന് ആരെങ്കിലും വോട്ട് ചെയ്യുമോ? 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ മോശം പ്രകടനത്തിന് ശേഷം രാഹുൽ തുടർച്ചയായി പാർലമെന്റിൽ ഹാജരാകാത്തതിലും പ്രണബിന് അതൃപ്തിയുണ്ടായിരുന്നു.
2004ൽ സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകാൻ വിസമ്മതിച്ചപ്പോൾ പ്രണബിന് സ്ഥാനം ലഭിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നു. എന്നാൽ സോണിയ ഗാന്ധി തന്നെ പ്രധാനമന്ത്രിയാക്കില്ലെന്നും മൻമോഹൻ സിംഗിനാണ് സാദ്ധ്യതയെന്നും പ്രണബിന് ഉറപ്പായിരുന്നു. പ്രധാനമന്ത്രിയാകാത്തതിൽ നിരാശയുണ്ടോ എന്ന് ചോദിച്ചപ്പോൾപ്രതീക്ഷയില്ലെങ്കിൽ നിരാശയും ഇല്ലെന്നായിരുന്നു മറുപടി.