web

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പിന് കളമൊരുക്കുന്നുവെന്ന് കണ്ടെത്തിയ നൂറിലേറെ വെബ്സെറ്റുകൾ രാജ്യത്ത് നിരോധിച്ച് കേന്ദ്രസർക്കാർ. ചൈനീസ് ഓപ്പറേറ്റർമാരുടെ നിയന്ത്രണത്തിലുള്ള വെബ്സൈറ്റുകൾക്കെതിരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തത്. വെബ്സൈറ്റുകൾ മുഖേന സംഘടിതമായി നിക്ഷേപത്തട്ടിപ്പും ജോലി തട്ടിപ്പും അടക്കം നടക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇവയുടെ പ്രവർത്തനം ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇന്ത്യൻ സൈബർ ക്രൈം കോ ഓർഡിനേഷൻ സെന്ററിന്റെ നിരീക്ഷണത്തിലായിരുന്നു. സെന്ററിന്റെ ശുപാർശ പ്രകാരമാണ് നിയമവിരുദ്ധ വെബ്സൈറ്റുകൾ നിരോധിച്ചത്. ഡിജിറ്റൽ പരസ്യങ്ങൾ, ചാറ്റ് മെസഞ്ചർ എന്നിവ മുഖേനയാണ് പ്രധാനമായും ഇരകളെ കുരുക്കുന്നത്. ക്രിപ്റ്റോ കറൻസി, രാജ്യാന്തര എ.ടി.എം പിൻവലിക്കലുകൾ, രാജ്യാന്തര പണമിടപാട് കമ്പനികൾ എന്നിവയെ ഉപയോഗിച്ചാണ് സാമ്പത്തിക കുറ്റകൃത്യം നടത്തിയിരുന്നതെന്നും കണ്ടെത്തി.