supreme-court

ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകരുടെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് മാർഗരേഖ തയ്യാറാക്കാൻ സമിതി രൂപീകരിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. അന്വേഷണ ഏജൻസികൾ പാലിക്കേണ്ട മാനദണ്ഡങ്ങളിൽ അടക്കമായിരിക്കും മാർഗനിർദ്ദേശമെന്നാണ് സൂചന. ഇതിനായി കൂടുതൽ സമയം ആവശ്യമാണെന്ന് കേന്ദ്രം അറിയിച്ചപ്പോൾ കോടതി അതൃപ്തി പ്രകടിപ്പിച്ചു. സമയബന്ധിതമായി പൂർത്തിയാക്കേണ്ട വിഷയമാണെന്നും രണ്ടുവർഷം കടന്നുപോയെന്നും ജസ്റ്റിസ് എസ്.കെ. കൗൾ അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. നടപടികൾ വേഗത്തിലാക്കാമെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു മറുപടി നൽകി. ഇതോടെ ഫൗണ്ടേഷൻ ഫോർ മീഡിയ പ്രൊഫഷണൽസ് അടക്കം സമർപ്പിച്ച ഹർജികൾ ഈ മാസം 14ന് വീണ്ടും പരിഗണിക്കാൻ കോടതി തീരുമാനിച്ചു.

മാദ്ധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നു

ന്യൂസ് ക്ലിക്ക് കേസിന് പിന്നാലെ 90 മാദ്ധ്യമപ്രവർത്തകരുടെ മുന്നൂറോളം ഡിജിറ്റൽ ഉപകരണങ്ങൾ അന്വേഷണ ഏജൻസികൾ പിടിച്ചെടുത്തുവെന്ന് ഹർജിക്കാരുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. മൊബൈൽ ഫോണുകളും, ലാപ്പ്ടോപ്പുകളും അടക്കമാണിത്. ഇപ്പോഴവർക്ക് ജോലി ചെയ്യാനാകുന്നില്ല. മാദ്ധ്യമ - അക്കാഡമിക സ്വാതന്ത്ര്യത്തിന് നേരേയുള്ള ആക്രമണമാണ്. അത് തുടരാനാണ് ശ്രമം. അതിനാലാണ് മാർഗരേഖ വൈകുന്നതെന്നും ഹർജിക്കാർ ആരോപിച്ചു.