
ന്യൂഡൽഹി: 'ഇന്ത്യ" മുന്നണിയിൽ കോൺഗ്രസുമായി ഉടക്കി നിന്ന ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജിയെ അനുനയിപ്പിച്ച് രാഹുൽ ഗാന്ധി. ഫോണിലൂടെ നടത്തിയ ചർച്ചയുടെ ഫലമായി അടുത്ത യോഗത്തിൽ പങ്കെടുക്കുമെന്ന് മമത അറിയിച്ചു.
അതേസമയം, മുന്നണി നേതാക്കൾക്കായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ ഡൽഹിയിലെ വസതിയിൽ ഇന്നലെ അത്താഴ വിരുന്ന് സംഘടിപ്പിച്ചു. അതിലും തൃണമൂൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തില്ല. ഇന്നലെ പാർലമെന്റിൽ നടത്താൻ തീരുമാനിച്ചിരുന്ന യോഗം ഖാർഗെയുടെ വസതിയിൽ അത്താഴ വിരുന്നായി മാറ്റുകയായിരുന്നു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുകു തുടങ്ങിയവർ പങ്കെടുത്തു.
ഖാർഗെയുടെ വീട്ടിൽ നടന്ന ഇന്ത്യ മുന്നണി യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്ന് രാഹുൽ ഗാന്ധിയോട് പറഞ്ഞതായി മമത ബാനർജി പറഞ്ഞു. ഏഴ് ദിവസം മുൻപെങ്കിലും മുഖ്യമന്ത്രിമാരെ അറിയിച്ചില്ലെങ്കിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയിച്ചതായും അവർ വ്യക്തമാക്കി.
പനിയായതിനാലാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന് ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ പറഞ്ഞു.
'ഇന്ത്യ' അംഗങ്ങൾ ആരോപണം പാടില്ല
'ഇന്ത്യ' മുന്നണി അംഗങ്ങളായ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിഷയങ്ങൾ പരസ്പരം പാർലമെന്റിൽ ഉന്നയിക്കരുതെന്ന് ധാരണ. ഇന്നലെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ നടന്ന അത്താഴ വിരുന്ന് യോഗത്തിലാണ് ധാരണ. തൃണമൂൽ കോൺഗ്രസ്, ശിവസേനാ നേതാക്കൾ പങ്കെടുത്തില്ല. ബി.ജെ.പിക്കെതിരെ പരമാവധി ഒന്നിച്ചു നിൽക്കുന്നതിന്റെ ഭാഗമായാണ് ധാരണ. തിരഞ്ഞെടുപ്പിന് ശേഷം മുന്നണിയിലുണ്ടായ അസ്വാരസ്യങ്ങളും ചർച്ചയായി. മുന്നണി യോഗം ഉടൻ വിളിക്കണമെന്ന് ആവശ്യമുയർന്നു.
നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട ബില്ലുകളിൽ അടക്കം പ്രതിപക്ഷം ഒറ്റക്കെട്ടായി സ്വീകരിക്കേണ്ട തന്തങ്ങളും ചർച്ചയായി.