
ന്യൂഡൽഹി: ബി.ജെ.പി ജയിക്കുന്നത് ഗോമൂത്ര സംസ്ഥാനങ്ങളിലാണെന്ന വിവാദ പ്രസ്‌താവന ഡി.എം.കെ എംപി എസ്. സെന്തിൽ കുമാർ പിൻവലിച്ചു. പ്രസ്‌താവനയെ ചൊല്ലി ഇന്നലെയും ബി.ജെ.പി അംഗങ്ങൾ ലോക്‌സഭയിൽ പ്രതിഷേധിച്ചതിനെ തുടർന്ന് ഒരു മണിക്കൂറോളം നടപടികൾ തടസപ്പെട്ടു.
തന്റെ പ്രസ്‌താവന അശ്രദ്ധമായി നടത്തിയതാണെന്നും അംഗങ്ങളുടെയും ഏതെങ്കിലും ജനവിഭാഗങ്ങളുടെയും വികാരം വ്രണപ്പെടുത്താൻ ഉദ്യേശിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസ്‌താവന ചിലരെ വേദനിപ്പിച്ചതിനാൽ പിൻവലിക്കുന്നുവെന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സെന്തിൽ പറഞ്ഞു.