supreme-court

ന്യൂഡൽഹി : വിദേശത്തേക്ക് കടന്ന വ്യവസായി മെഹുൽ ചോക്സിക്കെതിരെയുള്ള തട്ടിപ്പുക്കേസ് പുന:സ്ഥാപിച്ച് സുപ്രീംകോടതി. വിശ്വാസ വഞ്ചന, വ്യാജരേഖ നിർമിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയ എഫ്.ഐ.ആർ ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ഈ ഉത്തരവ് റദ്ദാക്കിയ ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച്, അന്വേഷണവുമായി ഗുജറാത്ത് പൊലീസിന് മുന്നോട്ടു പോകാമെന്ന് വ്യക്തമാക്കി. ചോക്സിയുടെ ഭാര്യ പ്രീതിയും കേസിൽ പ്രതിയാണ്. വിവാദ വ്യവസായിയുടെ സ്വർണാഭരണ സ്ഥാപനവുമായി കരാറിലേർപ്പെട്ട ദിഗ് വിജയ് സിൻഹ് ഹിമ്മത് സിൻഹ് ജഡേജയാണ് തട്ടിപ്പുക്കേസിലെ പരാതിക്കാരൻ.

കരാർപ്രകാരമുള്ള മുപ്പത് കോടി രൂപ വില മതിക്കുന്ന സ്വർണക്കട്ടികൾ ലഭിച്ചില്ലെന്നാണ് ആരോപണം. പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാതട്ടിപ്പു വിവാദമുയർന്നതിന് പിന്നാലെയാണ് മെഹുൽ ചോക്സി രാജ്യം വിട്ടത്.