modi

ന്യൂഡൽഹി: കേന്ദ്രത്തിൽ മൂന്നാം തവണയും അധികാരത്തിലേറാൻ അനുകൂല സാഹചര്യമാണ് രാജ്യത്തുള്ളതെന്നും അതു മുതലാക്കാൻ ഒത്തൊരുമിച്ച് ശ്രമിക്കണമെന്നും ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെ മോദിജി എന്നതിനു പകരം മോദി എന്ന് വിളിച്ചാൽ മതിയെന്നും ബി.ജെ.പിയുടെ ഒരു ചെറിയ പ്രവർത്തകൻ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ ഭരണവും തീരുമാനങ്ങളും സുതാര്യതയും ജനങ്ങൾ ഇഷ്ടപ്പെടുന്നു. ഒരു സർക്കാർ എന്ന നിലയിൽ ജനങ്ങൾക്ക് അനുഭാവമുള്ളത് വലിയ കാര്യമാണ്. പാർട്ടിക്കുള്ളിൽ ഭരണ വിരുദ്ധതയില്ലെന്ന് നിയമസഭാ ഫലങ്ങൾ തെളിയിച്ചു. വിജയം കൂട്ടായ ശക്തിയുടെ വിജയമാണ്. ഓരോ ബി.ജെ.പി പ്രവർത്തകനും പാർട്ടി കെട്ടിപ്പടുക്കാൻ ജീവിതം ഉഴിഞ്ഞു വച്ചവരും വിജയത്തിന്റെ ക്രെഡിറ്റ് അർഹിക്കുന്നു.

കോൺഗ്രസിന് ഒരിക്കൽ മാത്രമാണ് മൂന്നാം ടേമിൽ ഭരണത്തുടർച്ചയ്‌ക്ക് അവസരം ലഭിച്ചത്. ഗുജറാത്ത് പോലൊരു സംസ്ഥാനത്ത് 7 തവണ ജയിച്ച പാർട്ടിയാണ് ബി.ജെ.പി. മധ്യപ്രദേശിലും തുടർച്ചയായി വിജയിക്കുന്നു.

കേന്ദ്ര സർക്കാർ ക്ഷേമ പദ്ധതികളുടെ പ്രചരണാർത്ഥമുള്ള വികാസ് ഭാരത് സങ്കൽപ് യാത്ര ഗംഭീര വരവേൽപ്പ് നൽകി വിജയിപ്പിക്കാനും മോദി ആഹ്വാനം ചെയ്‌തു.

തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമുള്ള ആദ്യ പാർലമെന്ററി പാർട്ടി യോഗത്തിൽ എംപിമാർ 'മോദി, മോദി' വിളികളോടെയാണ് അദ്ദേഹത്തെ വരവേറ്റത്. പാർട്ടി അദ്ധ്യക്ഷൻ ജെ.പി. നദ്ദ ഹാരമണിയിച്ച് സ്വീകരിച്ചു.