ന്യൂഡൽഹി: പൊതു തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്‌ജറ്റിൽ പ്രഖ്യാപനങ്ങളുണ്ടാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. വോട്ട് ഒാൺ അക്കൗണ്ട് പാസാക്കാനുള്ള ഇടക്കാല ബഡ്‌ജറ്റ് ആയിരിക്കും അവതരിപ്പിക്കുകയെന്നും തിരഞ്ഞെടുക്കപ്പെടുന്ന സർക്കാർ സമ്പൂർണ ബഡ്‌ജറ്റ് അവതരിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
പുതിയ സർക്കാർ വരുന്നത് വരെയുള്ള ചെലവുകൾക്കായുള്ള വോട്ട് ഒാൺ അക്കൗണ്ട് മാത്രം അവതരിപ്പിക്കുന്ന പതിവ് 2019ൽ തെറ്റിച്ചിരുന്നു. അന്ന് ഒന്നാം മോദി സർക്കാരിൽ ധനമന്ത്രിയായിരുന്ന പിയൂഷ് ഗോയൽ സമ്പൂർണ ബഡ്‌ജറ്റാണ് അവതരിപ്പിച്ചത്. രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം ധനമന്ത്രിയായി ചുമതലയേറ്റ നിർമ്മലാ സീതാരാമൻ ജൂലായ് അഞ്ചിന് വീണ്ടും സമ്പൂർണ ബഡ്‌ജറ്റ് അവതരിപ്പിച്ചു.