suprme-court

ന്യൂഡൽഹി : കേന്ദ്രസർക്കാർ നിയമിച്ചതാണെങ്കിലും ഡൽഹി ചീഫ് സെക്രട്ടറി ഡൽഹി സർക്കാരിനോട് സഹകരിച്ചു തന്നെ മുന്നോട്ടു പോകണമെന്ന് സന്ദേശം നൽകി സുപ്രീംകോടതി. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ നിശ്ചലമാക്കാൻ ചീഫ് സെക്രട്ടറിക്ക് കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാറിന്റെ കാലാവധി നീട്ടണമെന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ആം ആദ്മി പാർട്ടി സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ഡൽഹി സർക്കാരിന് അധികാരമുള്ള വിഷയങ്ങളിൽ സർക്കാരിന്റെ നിർദ്ദേശങ്ങൾ ചീഫ് സെക്രട്ടറി അനുസരിക്കണം. സിവിൽ സർവീസ് ഉദ്യോഗസ്ഥർ രാഷ്ട്രീയ നിഷ്ക്ഷത പാലിക്കേണ്ടതിന്റെ ആവശ്യകതയും വിധിയിൽ എടുത്തുപറഞ്ഞു.

നവംബർ 30ന് വിരമിക്കാനിരുന്ന നരേഷ് കുമാറിന് ആറുമാസം സർവീസ് നീട്ടിക്കൊടുത്തതായി കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ഇത് അംഗീകരിച്ച സുപ്രീംകോടതി, ഇക്കാര്യത്തിൽ കേന്ദ്രത്തിന് അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടി.