mahua

ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണം നേരിടുന്ന തൃണമൂൽ എംപി മഹുവ മൊയ്‌‌ത്രയെ പുറത്താക്കാൻ ശുപാർശ ചെയ്യുന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് ലോക്‌സഭ പരിഗണിച്ചേക്കും. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല.

മഹുവയ്‌ക്കെതിരായ നടപടിക്കെതിരെ പ്രതിപക്ഷത്തു നിന്ന് കാര്യമായ എതിർപ്പുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ബി.ജെ.പി എംപിമാർക്ക് സഭയിൽ ഹാജരാവാനുള്ള വിപ്പ് നൽകിയിട്ടുണ്ട്. കോൺഗ്രസും അംഗങ്ങൾക്ക് വിപ്പു നൽകി.

കേന്ദ്ര സർവകലാശാലാ ബിൽ പാസായി

തെലങ്കാനയിൽ ആദിവാസി സർവകലാശാല സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർവകലാശാലാ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി.

കാസർകോട് കേന്ദ്ര സർവകലാശാലയുടെ പേര് അയ്യങ്കാളി സെൻട്രൽ യൂണിവേഴ്സിറ്റി എന്നാക്കണമെന്ന് ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.

അഞ്ചു വർഷത്തിനിടയിൽ കേന്ദ്ര സർവ്വകലാശാലകളിലും ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും നിന്ന് പട്ടികജാതി-പട്ടികവർഗ്ഗ-ഒ.ബി.സി വിദ്യാർത്ഥികൾ പാതിവഴിക്ക് പഠനം നിർത്തിയത് ആ സ്ഥാപനങ്ങളിലെ ജാതീ വിവേചനത്തെ തുടർന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെലങ്കാനയിലേതു പോലെ കേരളത്തിൽ ഇടുക്കിയിൽ ആദിവാസി സർവകലാശാല സ്ഥാപിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളിലെയും പട്ടിക വർഗ്ഗ മേഖലക്ക് ഗുണകരമാകുന്ന തീരുമാനമാണ് ഉണ്ടാകേണ്ടത്. ഇടുക്കിയിലെ പട്ടിക വർഗ്ഗ മേഖലയുടെ വികസനത്തിനും വളർച്ചയ്ക്കും അതു ഗുണകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.