air-ticket

ന്യൂഡൽഹി: കൊവിഡ് മഹാമാരിയുടെ ആഘാതം വ്യോമയാന മേഖലയിൽ കനത്ത നഷ്‌ടമുണ്ടാക്കിയ സാഹചര്യത്തിൽ യാത്രാക്കൂലി കുറയ്‌ക്കാൻ ഇടപെടില്ലെന്ന് സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയിൽ പറഞ്ഞു. വിമാന കമ്പനികൾ തത്വദീക്ഷിതയില്ലാതെ യാത്ര നിരക്ക് കൂട്ടുന്നതിനാൽ ഇടപെടണമെന്ന കേരളത്തിൽ നിന്നുള്ള ഇ.ടി.മുഹമ്മദ് ബഷീർ, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ എന്നിവരുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

വിമാന ടിക്കറ്റ് നിരക്കിലെ മാറ്റങ്ങൾ നിരീക്ഷിക്കാൻ താരിഫ് മോണിറ്ററിംഗ് സിസ്റ്റം നിലവിലുണ്ടെന്നും ന്യായമായ നിരക്കാണ് വിമാന കമ്പനികൾ ഇപ്പോൾ ഈടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.കൊവിഡ് വിമാനക്കമ്പനികൾക്ക് 55,000 കോടി മുതൽ 1,32,000 കോടി വരെ നഷ്ടമുണ്ടാക്കി. യാത്രാനിരക്കിന്റെ കാര്യത്തിൽ ആഗോളതലത്തിൽ പിന്തുടരുന്ന രീതിയാണ് ഇന്ത്യയിലേതും. വിപണി, ഡിമാൻഡ്, സീസൺ, ഇന്ധന വിലയിലെ മാറ്റങ്ങൾ തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത്. വ്യോമയാന മേഖലയിലെ നിയന്ത്രണം എടുത്ത് കളഞ്ഞതോടെ വിമാന കമ്പനികൾ തമ്മിലുള്ള മത്സരം വർദ്ധിച്ചത് ടിക്കറ്റ് നിരക്ക് കുറച്ചിട്ടുണ്ട്.. കുറഞ്ഞ വരുമാനമുള്ളവർക്കു പോലും വിമാന യാത്ര സാദ്ധ്യമാകുന്നു. 2022 ജനുവരി മുതൽ ഒക്ടോബർ വരെ മിക്ക റൂട്ടുകളിലും നിരക്കുകളിൽ കുറവുണ്ടായിട്ടുണ്ടെന്നും, ഇക്കൊല്ലവും അത് തുടരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.