
ന്യൂഡൽഹി: ലൈഫ് മിഷൻ കേസ് പ്രതിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം. ശിവശങ്കറിന്റെ ഇടക്കാല ജാമ്യം നീട്ടണമെങ്കിൽ പുതുച്ചേരി ജവഹർലാൽ ഇൻസ്റ്രിറ്ര്യൂട്ടിൽ (ജിപ്മെർ) നിന്ന് മെഡിക്കൽ റിപ്പോർട്ട് തേടണമെന്ന ഇ.ഡിയുടെ ആവശ്യം അനുവദിച്ച് സുപ്രീംകോടതി. ജിപ്മെറിൽ മെഡിക്കൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്രിസ് എം.എം. സുന്ദരേഷ് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. ജനുവരി ഒൻപതിന് വിഷയം വീണ്ടും പരിഗണിക്കും.
ആരോഗ്യപ്രശ്നങ്ങൾ മുൻനിറുത്തിയാണ് സുപ്രീംകോടതി ശിവശങ്കറിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യം നീട്ടണമെന്ന് അഭിഭാഷകൻ ഇന്നലെ ആവശ്യപ്പെട്ടപ്പോൾ ഇ.ഡി എതിർത്തു. കേരളത്തിലെ മെഡിക്കൽ റിപ്പോർട്ട് സ്വീകരിക്കരുതെന്നും വാദിച്ചു. തമിഴ്നാട് മധുര എയിംസിന്റെ പേര് നിർദ്ദേശിച്ചെങ്കിലും ശിവശങ്കറിന്റെ അഭിഭാഷകൻ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി. തുടർന്ന് പുതുച്ചേരി ജിപ്മെർ കോടതി അംഗീകരിക്കുകയായിരുന്നു.