mahuva

നടപടി എത്തിക്സ് കമ്മിറ്റി ശുപാർശയിൽ

ന്യൂഡൽഹി : തൃണമൂൽ കോൺഗ്രസിന്റെ തീപ്പൊരി വനിതാ എം. പി മഹുവ മൊയ്‌ത്രയെ എത്തിക്‌സ് കമ്മിറ്റി ശുപാർശയിൽ ലോക്‌സഭയിൽ നിന്ന് പുറത്താക്കി. നടപടിക്കെതിരെ മഹുവ സുപ്രീംകോടതിയെ സമീപിക്കും. ഇതോടെ പാർലമെന്റിന്റെ അധികാരങ്ങൾ ജുഡിഷ്യറി വ്യാഖ്യാനിക്കുന്ന മറ്റൊരു നിയമ പോരാട്ടത്തിനും കളമൊരുങ്ങി.

അദാനിക്കെതിരെ സഭയിൽ ചോദ്യമുന്നയിക്കാൻ മഹുവ സമ്മാനങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയെന്ന ആരോപണവും വ്യവസായി ദർശൻ ഹീരാനന്ദാനിക്ക് തന്റെ പാർലമെന്റ് അക്കൗണ്ട് ഐ.ഡി കൈമാറിയതും പാർലമെന്ററി മര്യാദകളുടെ ലംഘനമാണെന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിലാണ് നടപടി.

ധൃതിപിടിച്ചുള്ള നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് ചെയ്തു. തുടർന്ന് ശബ്‌ദവോട്ടോടെ പുറത്താക്കൽ പ്രമേയം പാസാക്കി.

ഉച്ചയ്‌ക്ക് 12ന് റിപ്പോർട്ട് സഭയിൽ വച്ചെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടർന്ന് രണ്ടു മണിക്ക് വീണ്ടും ചേർന്നാണ് പരിഗണിച്ചത്. പുറത്താക്കൽ പ്രമേയം പാർലമെന്ററിമന്ത്രി പ്രൾഹാദ് ജോഷി അവതരിപ്പിച്ചു. ചർച്ചയിൽ മഹുവയ്‌ക്ക് അവസരം നൽകണമെന്നും ധൃതിപിടിച്ച് നടപടി വേണ്ടെന്നും പ്രതിപക്ഷം. പുതിയ പാർലമെന്റിൽ വനിതയെ അപമാനിക്കുന്നുവെന്നും കുറ്റപ്പെടുത്തൽ. ആവശ്യങ്ങൾ തള്ളിയതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. മഹുവയെ സഭയിൽ നിന്ന് പുറത്താക്കിയതായി സ്‌പീക്കർ പ്രഖ്യാപിച്ചു. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ പുറത്ത് ഗാന്ധി പ്രതിമയ്‌ക്കുമുന്നിൽ പ്രതിപക്ഷ പ്രതിഷേധം.

എത്തിക്സ് കമ്മിറ്റിയുടെ കണ്ടെത്തൽ:

മഹുവയുടെ പാർലമെന്റ് അക്കൗണ്ട് 47 തവണ ദുബായിൽ വച്ച് ലോഗിൻ ചെയ്‌തു. നാല് പേർ ഒരേ ദിവസം ഡൽഹി, ബംഗളുരു, യു.എസ്, ദുബായി എന്നിവിടങ്ങളിൽ നിന്ന് ലോഗിൻ ചെയ്‌തു. പാർലമെന്റ് വെബ്‌സൈറ്റിൽ വിദേശത്ത് ലോഗിൻ ചെയ്‌തത് രാജ്യസുരക്ഷയ്‌ക്ക് ഭീഷണി.

അദാനിക്കെതിരെ ചോദ്യമുന്നയിക്കാൻ ഹീരാനന്ദാനിയിൽ നിന്ന് ഉപഹാരങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റി (പണം വാങ്ങിയെന്ന മുൻ ആരോപണം റിപ്പോർട്ടിൽ ഇല്ല.)

മഹുവയുടെ ഭാവി:

 എംപി അല്ലാതായതിനാൽ ഔദ്യോഗിക പദവിയും ആനുകൂല്യങ്ങളും ഉടൻ നഷ്‌ടമാകും

 സുപ്രീംകോടതിയിൽ സ്റ്റേ കിട്ടുമെന്ന് പ്രതീക്ഷ

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തടസമില്ല. സഹതാപ തരംഗം മുതലാക്കാൻ തൃണമൂൽ വീണ്ടും അവസരം നൽകിയേക്കും. മമത പിന്തുണ പ്രഖ്യാപിച്ചു.

അദാനിയെ സംരക്ഷിക്കാൻ വനിതാ അംഗത്തെ പുറത്താക്കിയെന്ന ആരോപണം പ്രതിപക്ഷത്തിന് ആയുധം.


മഹുവ മൊയ്‌ത്ര:

എത്തിക്‌സ് കമ്മിറ്റിക്ക് പുറത്താക്കാൻ അധികാരമില്ല. ഇത് ബി.ജെ.പിയുടെ അവസാനത്തിന്റെ തുടക്കം.

ആദ്യ റിപ്പോർട്ട്,​ ആദ്യ നടപടി

 2015ൽ രൂപീകരിച്ച എത്തിക‌്സ് കമ്മിറ്റിയുടെ ആദ്യ റിപ്പോർട്ടും ആദ്യ നടപടിയുമാണിത് എംപിമാരുടെ സഭയിലെ പെരുമാറ്റത്തിന് കമ്മിറ്റി ചട്ടം രൂപീകരിക്കാതെയാണ് മഹുവയ്‌ക്കെതിരെ നടപടിയെന്ന് ആരോപണം.

 മഹുവയെ പിന്തുണച്ച അംഗം ഡാനിഷ് അലി (ബി.എസ്.പി) കമ്മിറ്റിയെ അപമാനിച്ചതിനാൽ നടപടി വേണമെന്ന ശുപാർശ പരിഗണിച്ചില്ല.