mahua

ന്യൂഡൽഹി: തീപ്പൊരി പ്രസംഗങ്ങളിലൂടെ 17-ാം ലോക്‌സഭയിൽ ബി.ജെ.പിക്ക് തലവേദനയായിരുന്നു മഹുവ മൊയ്‌ത്ര. വീണുകിട്ടിയ അവസരം മുതലാക്കി ലോക്‌സഭയിൽ നിന്ന് പുറത്താക്കാൻ ധൃതിപിടിച്ച ശ്രമമുണ്ടായതും അതുകൊണ്ടാണ്. കൗരവ സദസിലെ ദ്രൗപദീ വസ്‌ത്രാക്ഷേപം പോലെ പുതിയ പാർലമെന്റിൽ വനിത അപമാനിക്കപ്പെട്ടെന്നാണ് പ്രതിപക്ഷ വിമർശനം. ബി.ജെ.പിക്കും കേന്ദ്രത്തിനുമെതിരെ ഒന്നിക്കാൻ ഇത് 'ഇന്ത്യ' മുന്നണിക്ക് ഊർജ്ജവുമായി.

അംഗങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കി നീക്കം

ഇന്നലെ സഭയിൽ നടന്നത്

 എത്തിക‌്‌സ് കമ്മിറ്റി റിപ്പോർട്ട് വരുന്നതിനാൽ ബി.ജെ.പിയും കോൺഗ്രസും വിപ്പ് നൽകി ഇന്നലെ ലോക്‌സഭയിൽ അംഗങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കി

 രാവിലെ 11ന് സമ്മേളിച്ചയുടൻ പ്രതിപക്ഷ ബഹളം

 മഹുവയ്‌ക്ക് സംസാരിക്കാൻ അവസരം നൽകണമെന്ന് ആവശ്യം. 12മണി വരെ സഭ പിരിയുന്നു

 12മണിക്ക് എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് മേശപ്പുറത്ത്. പ്രതിപക്ഷ ബഹളം. രണ്ടു മണിവരെ പിരിയുന്നു

 2ന് മഹുവയെ പുറത്താക്കാനുള്ള പ്രമേയം പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി അവതരിപ്പിച്ചു. ഹ്രസ്വ ചർച്ച

 ആധിർ രഞ്ജൻ ചൗധരി (കോൺഗ്രസ്): റിപ്പോർട്ട് പഠിക്കാൻ രണ്ടുമണിക്കൂർ അപര്യാപ്‌തം. 3-4 ദിവസം വേണം. മഹുവയെ സംസാരിക്കാൻ അനുവദിക്കണം

 മനീഷ് തിവാരി(കോൺഗ്രസ്): സാമൂഹ്യനീതിയുടെ അടിസ്ഥാന തത്ത്വങ്ങൾ ലംഘിക്കുന്നു. ആരോപണമുന്നയിച്ച വ്യക്തികളെ ക്രോസ് വിസ്‌താരം ചെയ്യാൻ മഹുവയെ അനുവദിച്ചില്ല. ശിക്ഷ വിധിക്കാൻ കമ്മിറ്റിക്ക് അധികാരമില്ല. പാർലമെന്റാണ് വിധിക്കേണ്ടത്. പാർലമെന്റ് കോടതിയെപ്പോലെ

 സ്‌പീക്കർ ഓം ബിർള: ഇത് പാർലമെന്റാണ് കോടതിയല്ല

 മനീഷ് തിവാരി: എം.പിമാർക്ക് ഭരണഘടനയുടെ 105-ാം വകുപ്പ് സംരക്ഷണം നൽകുന്നു

 ഹീനാ വി. ഗവിത് (ബി.ജെ.പി): രണ്ടു മണിക്കൂർ കൊണ്ടാണ് താൻ റിപ്പോർട്ട് വായിച്ചത്. 2005ൽ സമാനമായ റിപ്പോർട്ടിൽ പെട്ടെന്ന് നടപടിയുണ്ടായി. വനിതയെ അപമാനിച്ചിട്ടില്ല. പാർലമെന്റിന്റെ അന്തസാണ് വലുത്.

 സുദീപ് ബന്ദോപാദ്ധ്യായ(തൃണമൂൽ): മഹുവയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ സഭാ രേഖകളായി. മഹുവയെ പാർട്ടിയുടെ പേരിൽ സംസാരിക്കാൻ അനുവദിക്കണം.

 സ്‌പീക്കർ: 2005ൽ ചോദ്യത്തിന് കോഴ സംഭവത്തിൽ അന്നത്തെ സ്‌പീക്കർ സോമനാഥ് ചാറ്റർജി ആരോപിതരെ സംസാരിക്കാൻ അനുവദിച്ചില്ല. കീഴ്‌വഴക്കം ലംഘിക്കാനാകില്ല

 കല്യാൺ ബാനർജി (തൃണമൂൽ): നിയമത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ പാലിക്കണം. മഹുവയ്‌ക്കെതിരെ നടന്നത് അനീതി. 2005ൽ സാക്ഷികളെ വിസ്‌തരിച്ചു. ഇവിടെ ഹീരാനന്ദാനിയെ വിസ്‌തരിച്ചില്ല. ക്രോസ് വിസ്താരത്തിന് അനുവദിച്ചില്ല. സഭയ്‌ക്ക് അംഗത്തെ സസ്‌പെൻഡ് ചെയ്യാം. പുറത്താക്കാനാകില്ല.

 ഗിരിധർ യാദവ് (ജെ.ഡി.യു): ചോദ്യങ്ങൾ അപ്‌ലോഡ് ചെയ്യാൻ എത്ര എംപിമാർക്ക് അറിയാം.

 സ്‌പീക്കർ: എം.പിമാർ ചോദ്യങ്ങൾ സ്വയം തയ്യാറാക്കണം

 അപരാജിത സാരംഗി(ബി.ജെ.പി): മഹുവ സഭയുടെ അന്തസ് കെടുത്തി. പുറത്താക്കണം.

അപരാജിതയുടെ ആരോപണത്തിനെതിരെ മഹുവ എഴുന്നേറ്റു നിന്ന് പ്രതിഷേധം തുടങ്ങിയതോടെ സ്‌പീക്കർ പ്രമേയം വോട്ടിനിടാൻ തീരുമാനിക്കുന്നു. പ്രതിപക്ഷം ഒന്നിച്ച് പുറത്തേക്ക്. ശുപാർശ അംഗീകരിക്കാനുള്ള മന്ത്രിയുടെ പ്രമേയവും തുടർന്ന് മഹുവയെ പുറത്താക്കാനുള്ള പ്രമേയവും ശബ‌്‌ദവോട്ടോടെ പാസാകുന്നു. മഹുവയെ പുറത്താക്കിയെന്ന് സ്‌പീക്കറുടെ പ്രഖ്യാപനം.