
ന്യൂഡൽഹി: വി.പി ഹൗസിലെ 309-ാം നമ്പർ മുറിയിൽ , കാനത്തിന്റെ വിയോഗത്തിന്റെ ഞെട്ടലിലായിരുന്നു സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ. ഭാര്യയും മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനി രാജ കൊൽക്കത്തയിലാണ്.
എത്രയും പെട്ടെന്ന് തിരുവനന്തപുരത്തെത്തണം. ഇന്നു രാവിലെ പുറപ്പെടുന്ന വിമാനത്തിൽ ടിക്കറ്റ് ലഭിച്ചെന്ന് സുഹൃത്ത് വിളിച്ചറിയിച്ചപ്പോൾ ആശ്വാസം.
അസുഖം ഭേദമാകുന്നുവെന്ന് കഴിഞ്ഞ ദിവസം ബന്ധപ്പെട്ടപ്പോൾ പറഞ്ഞതാണ്. വേർപാട് വിശ്വസിക്കാൻ കഴിയുന്നില്ല. പാർട്ടിയിൽ തന്റെ സീനിയറാണ്. 70കളിൽ ഒരേ സമയം യൂത്ത് ഫെഡറേഷന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു. യൂത്ത് ഫെഡറേഷൻ തന്നെയും കാനത്തെയും ശ്രീലങ്കയിലേക്ക് അയച്ചിരുന്നു. വിസ വാങ്ങാൻ ചെന്നൈയിൽ വന്നപ്പോഴാണ് ആദ്യമായി കാണുന്നത്. 1988ൽ യൂത്ത് ഫെഡറേഷൻ ജനറൽ സെക്രട്ടറിയായി താൻ ഡൽഹിയിലെത്തി. പിന്നെ കർമ്മ മണ്ഡലം ഡൽഹിയായി. ഗൗരവത്തോടെ കാര്യങ്ങളെ സമീപിച്ച കാനത്തിന് പ്രശ്‌നങ്ങളെ നേരിടാനും പരിഹാരം കാണാനും പ്രത്യേക കഴിവുണ്ടായിരുന്നു. പാർട്ടിക്കു വേണ്ടി സമർപ്പിച്ച ജീവിതം. കേരളത്തിൽ അദ്ദേഹത്തിന് കീഴിൽ പാർട്ടി വളർന്നു. നിയമസഭാ തിരഞ്ഞെടുപ്പുകളിലും മികച്ച പ്രകടനം കാഴ്‌ച വച്ചു-രാജ ഓർമ്മകളിലേക്ക് മടങ്ങി..