bjp

ന്യൂഡൽഹി: മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ സംബന്ധിച്ച സസ്‌പെൻസ് തുടരുന്നതിനിടെ അവിടങ്ങളിലേക്കുള്ള നിരീക്ഷകരെ പ്രഖ്യാപിച്ച് ബി.ജെ.പി.

സംസ്ഥാനങ്ങളിലെ നേതാക്കളുമായി ചർച്ച നടത്താനും സ്ഥിതിഗതികൾ വിലയിരുത്തുകയുമാണ് നിരീക്ഷകരുടെ ചുമതല.

മുഖ്യമന്ത്രിമാരെ നാളെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, രാജ്യസഭാ എം.പി സരോജ് പാണ്ഡെ, പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ എന്നിവരാണ് രാജസ്ഥാൻ നിരീക്ഷകർ. മദ്ധ്യപ്രദേശ് നിരീക്ഷകരായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, ഒ.ബി.സി മോർച്ചാ മേധാവിയും രാജ്യസഭാ എം.പിയുമായ ഡോ കെ. ലക്ഷ്മൺ, ദേശീയ സെക്രട്ടറി ആശാ ലക്ര എന്നിവരെ നിയമിച്ചു. കേന്ദ്ര ആദിവാസികാര്യ മന്ത്രി അർജുൻ മുണ്ട, കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോണോവാൾ, ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം എന്നിവരെ ഛത്തീസ്ഗഢ് നിരീക്ഷകരാക്കി.

നിരീക്ഷകർ ഇന്ന് അതത് സംസ്ഥാനങ്ങളിലേക്ക് പോകും. ചർച്ചകൾക്ക് തുടക്കം കുറിക്കുന്നതിന് പിന്നാലെ മുഖ്യമന്ത്രി പ്രഖ്യാപനവുമുണ്ടാകുമെന്നാണ് സൂചന. മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതുമുഖങ്ങളുണ്ടാകുമെന്നല്ലാതെ ആരൊക്കെയെന്ന് വ്യക്തമല്ല. ഇവിടങ്ങളിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ലാതെയാണ് പാർട്ടി മത്സരിച്ചത്.

നാളെ കൊണ്ട് മുഖ്യമന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് മദ്ധ്യപ്രദേശിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പാർട്ടി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗീയ പറഞ്ഞു. നിയമസഭയിലേക്ക് ജയിച്ച പ്രഹ്ളാദ് സിംഗ് പട്ടേൽ, നരേന്ദ്രസിംഗ് തോമർ എന്നിവർക്കൊപ്പം ഇദ്ദേഹവും മുഖ്യമന്ത്രി സാദ്ധ്യതാ പട്ടികയിലുണ്ട്.

രാജസ്ഥാനിൽ മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്ന മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ കഴിഞ്ഞ ദിവസം ഡൽഹിയിൽ വിളിച്ചു വരുത്തിയിരുന്നു. പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും മുൻപ് 30 എം.എൽ.എമാരുടെ പിന്തുണയുള്ള വസുന്ധരയെ അനുനയിപ്പിക്കുകയാണ് ലക്ഷ്യം.

ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, യോഗി ബാബ ബാലക് നാഥ്, ദിയാ കുമാരി എന്നിവർക്കൊപ്പം കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിന്റെ പേരും രാജസ്ഥാൻ മുഖ്യമന്ത്രി പദത്തിലേക്ക് പറഞ്ഞു കേൾക്കുന്നു. ഛ​ത്തീ​സ്ഗ​ഢി​ൽ​ ​അ​രു​ൺ​ ​സാ​വോ​, രേണുക സിംഗ് എന്നിവർക്കും സാദ്ധ്യത.