
ന്യൂഡൽഹി: ദേശീയ ജലപാത വികസനത്തിനായി 2019-2023 കാലയളവിൽ കേന്ദ്രം 138.66കോടി രൂപ വകയിരുത്തിയെങ്കിലും കേരളം ചെലവാക്കിയത് 87.87 കോടി രൂപ മാത്രമെന്ന് കേന്ദ്ര ഷിപ്പിംഗ് ,ജലപാതയും മന്ത്രി സർബാനന്ദ സോണോവാൾ ലോക്‌സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിയെ അറിയിച്ചു.
ദേശീയ ജലപാതയിൽ കണ്ണിട്ടാക്കടവ് മുതൽ കൊല്ലം വരെ പ്രവർത്തനക്ഷമാണ്. ദേശീയ ജലപാതയ്‌ക്കായി ഡ്രജിംഗ് നടത്തുമ്പോൾ കിട്ടുന്ന മണ്ണ് ദേശീയപാത വികസനത്തിന് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ നിരാക്ഷേപ പത്രത്തിൻറെ അടിസ്ഥാനത്തിൽ മണ്ണ് ഉപയോഗിക്കാം. വലിയ ജലയാനങ്ങൾക്കു വേണ്ടി കോവിൽതോട്ടത്തെ മേൽനടപ്പാത പുനർ നിർമ്മിക്കാൻ ഹാർബർ എൻജിനീയറിംഗ് വകുപ്പിന് 1.38കോടി രൂപ അനുവദിച്ചു. കേരളത്തിൽ ദേശീയ ജലപാതയിൽ ഗതാഗതം ആരംഭിച്ചെന്നും ഏകദേശം 32.79 ലക്ഷം ടൺ ചരക്ക് കടത്തിയെന്നും മന്ത്രി പറഞ്ഞു. കൊച്ചി-കോട്ടയം പരിശോധന യാത്ര വിജയകരമായി പൂർത്തിയാക്കി. വലിയ ജലയാനങ്ങൾക്ക് യാത്ര ഒരുക്കാൻ തൃക്കുന്നപ്പുഴ നാവിഗേഷൻ ലോക്ക് നിർമ്മാണത്തിന് അനുമതിയും നൽകി. ഇതുപൂർത്തിയായാൽ വലിയ ജലയാനങ്ങളും കുറഞ്ഞ ചെലവിൽ ചവറ വരെ എത്തും.